അഡ്‌ലെയ്ഡ്: നിർണ്ണായകമായ മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് സെമി ബർത്ത് ഉറപ്പിച്ച് പാക്കിസ്ഥാൻ. ദക്ഷിണാഫ്രിക്ക നെതർലൻഡസിനെതിരെ പരാജയപ്പെട്ടതോടെ സെമിയിലേയ്ക്കു വിജയം നിർണ്ണായകമായിരുന്ന പാക്കിസ്ഥാൻ കൃത്യമായി വിജയിച്ച് ആറു പോയിന്റുമായി സെമി ഉറപ്പിക്കുകയായിരുന്നു. സെമിയിൽ ഒന്നാം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ന്യൂസിലൻഡാകും പാക്കിസ്ഥാന്റെ എതിരാളികൾ. ഈ മത്സരത്തിൽ പാക്കിസ്ഥാൻ വിജയിക്കുകയും, ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തുകയും ചെയ്താൽ ലോകക്രിക്കറ്റിലെ നിർണ്ണായകമായ ഇന്ത്യ – പാക്ക് ഫൈനലിനാകും ക്രിക്കറ്റ് ലോകത്തിന് സാക്ഷിയാകേണ്ടി വരിക.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. ഓപ്പണർ നജുമുൽ ഹുസൈന്റെ അർദ്ധ സെഞ്ച്വറി മാത്രമാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. എന്നാൽ, വളരെ എളുപ്പം മത്സരം വിജയിക്കാമെന്നു കരുതി ബാറ്റിംങിന് ഇറങ്ങിയ പാക്കിസ്ഥാന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പതറിക്കളിച്ച ബാബർ അസം ട്രാക്കിലായെത്തിയപ്പോഴേയ്ക്കും നസും അഹമ്മദിന് മുന്നിൽ കീഴടങ്ങി. 57 ൽ ബാബറും, 61 ൽ വിശ്വസ്തൻ മുഹമ്മദ് റിസ്വാനും കീഴടങ്ങി. പിന്നീട് വലിയ കുഴപ്പങ്ങളില്ലാതെ മുന്നോട്ട് പോകുന്നതിനിടെ മുഹമ്മദ് നവാസ് 92 ൽ വീണു. ഈ സമയം ബംഗ്ലാദേശിന് അൽപം പ്രതീക്ഷകൾ കൈവന്നിരുന്നു. എന്നാൽ, 24 റണ്ണുമായി പുറത്താകാതെ നിന്ന ഷാ മസൂദ് പാക്കിസ്ഥാനെ വിജയത്തിലേയ്ക്ക് അതിവേഗം എത്തിച്ചു.