ന്യൂസ് ഡെസ്ക് : അർജൻറീനൻ സൂപ്പർ താരം ലയണല്‍ മെസിയാണ് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരമെന്നും മറ്റാരെങ്കിലും ആ സ്ഥാനത്തെത്താൻ അദ്ദേഹം വിരമിക്കണമെന്നും മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ എർലിംഗ് ഹാളണ്ട്.യുവേഫാ ചാമ്പ്യൻസ് ലീഗ് റൗണ്ട് 16ന്റെ രണ്ടാം പാദത്തില്‍ എഫ്സി കോപ്പൻ ഹേഗനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.നോർവീജിയൻ ഫുട്ബോളറുടെ വാക്കുകള്‍ മാധ്യമപ്രവർത്തകനായ ഇയാൻ ചീസ്മാനടക്കമുള്ളവർ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഫുട്ബോള്‍ രംഗത്തെ നേട്ടങ്ങള്‍ കൈവരിക്കാൻ തനിക്ക് ഇനിയും ആഗ്രഹമുണ്ടെന്നും 23കാരനായ ഹാളണ്ട് പറഞ്ഞു. 2023ലെ ബാലൻ ഡ്യോറിനായി മെസിയും ഹാളണ്ടും തമ്മിലായിരുന്നു പ്രധാന മത്സരം. എന്നാല്‍ മെസി എട്ടാമതും നേട്ടം കയ്യിലാക്കുകയായിരുന്നു. 2023 മികച്ച പുരുഷ ഫുട്ബോളർക്കായി താരം പോരാടി, പക്ഷേ അവിടെയും മെസി ജയിച്ചു.മാഞ്ചസ്റ്റർ സിറ്റിയില്‍ 2022ല്‍ ചേർന്ന ഹാളണ്ട് മികച്ച പ്രകടനമാണ് ആദ്യ സീസണില്‍ നടത്തിയത്. 53 മത്സരങ്ങളില്‍നിന്ന് 52 ഗോളുകളാണ് താരം നേടിയത്. 2023-24 സീസണില്‍ 25 ഗോളുകളും ടീമിനായി നേടിയിട്ടുണ്ട്. അതേസമയം, ഇൻറർ മയാമി കളിക്കുന്ന മെസി 13 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളാണ് നേടിയിരിക്കുന്നത്.