മുംബൈ :വമ്പന്‍ മാറ്റങ്ങളുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു.ജൂണ്‍ 7 മുതല്‍ 11 വരെ ലണ്ടനിലെ ഓവലില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഫൈനലിനുള്ള സ്‌ക്വാഡാണ് ബിസിസിഐ പ്രഖ്യാപിച്ചത്. പ്രധാനമായും രണ്ടു മാറ്റങ്ങളാണ് ഇന്ത്യയുടെ സ്ക്വാഡില്‍ വന്നിരിക്കുന്നത്.ഇതില്‍ ഏറ്റവും നിര്‍ണായകം അജിങ്ക്യ രഹാനെ സ്ക്വാഡിലേക്ക് തിരിച്ചെത്തിയിട്ടുണ്ട് എന്നതാണ്.
നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2023 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മികച്ച പ്രകടനങ്ങളാണ് രഹാനെ കാഴ്ചവയ്ക്കുന്നത്. മാത്രമല്ല വിദേശ പിച്ചുകളിലും ടെസ്റ്റ് മത്സരങ്ങളില്‍ വമ്പൻ റെക്കോര്‍ഡാണ് രഹാനയുടെ പേരിലുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2022ല്‍ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലും രഹാനെ തകര്‍പ്പന്‍ ഇന്നിങ്സുകള്‍ കാഴ്ചവച്ചിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് രഹാനെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിനുള്ള ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
എന്നാല്‍ സ്‌ക്വാഡില്‍ ജസ്പ്രീറ്റ് ബുമ്രയെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്. പരിക്കു മൂലം ഏറെക്കാലമായി ഇന്ത്യക്കായി കളിക്കാതിരിക്കുന്ന ബൂമ്ര ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിലൂടെ തിരികെയെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ സ്ക്വാഡ് അംഗങ്ങളില്‍ ബൂമ്രയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ രോഹിത് ശര്‍മ തന്നെയാണ് ഇന്ത്യയുടെ ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ ടീമിലെ ക്യാപ്റ്റന്‍. ഒപ്പം ഓപ്പറായി ശുഭമാന്‍ ഗില്ലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചേതെശ്വര്‍ പൂജാര, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ എന്നിവരാണ് ഇന്ത്യയുടെ മുന്‍നിരയിലുള്ള മറ്റു ബാറ്റര്‍മാര്‍.
ടീമില്‍ വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിരിക്കുന്നത് കെ എസ് ഭരതിനെ തന്നെയാണ്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഭരത് അത്ര മികച്ച പ്രകടനം കാഴ്ചവച്ചിരുന്നില്ല.അതിനാല്‍തന്നെ ഭരതിന് പകരം മറ്റൊരു വിക്കറ്റ് കീപ്പറെ ഇന്ത്യ ഉള്‍പ്പെടുത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.
എന്നാല്‍ അപ്രതീക്ഷിതമായി വീണ്ടും ഭരതിനെ ഇന്ത്യ വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. സ്പിന്‍ വിഭാഗത്തില്‍ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നീ ത്രയങ്ങളാണ് സ്ക്വാഡില്‍ അംഗമായുള്ളത്.
പേസ് ബോളിങ്ങില്‍ ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ജയദേവ് ഉനാദ്കട്ട് എന്നിവരെ ഇന്ത്യ തങ്ങളുടെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സമയങ്ങളിലെല്ലാം ഈ ബോളര്‍മാര്‍ മികച്ച പ്രകടനങ്ങളായിരുന്നു ഇന്ത്യക്കായി കാഴ്ചവച്ചത്.
അതിനാല്‍ തന്നെ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിലും ബോളര്‍മാര്‍ മികവുകാട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിസിഐ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് സ്ക്വാഡ് അംഗങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.