തിരുവനന്തപുരം: 17 ദിവസങ്ങളായി സെക്രട്ടറിയേറ്റിനുമുന്നില്‍ ആശാവർക്കർമാർ നടത്തുന്ന സമരം അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഒത്തുതീർപ്പാക്കാൻ തയ്യാറാകണമെന്ന് കേരള സർക്കാരിനോട് എഴുത്തുകാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ആരോഗ്യപരിപാലനരംഗത്ത് ആശാവർക്കർമാരുടെ സേവനം വിലമതിക്കാനാവാത്തതാണ്. കോവിഡ് കാലത്ത് സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവർത്തനങ്ങളിലെ ഏറ്റവും പ്രധാന കണ്ണിയായിരുന്നു ആശാവർക്കർമാർ. ആശാവർക്കർമാരുടെ സേവനത്തിന് ആനുപാതികമല്ല അവർക്കു ലഭിക്കുന്ന തുച്ഛമായ പ്രതിഫലം.
ഓണറേറിയം 21000 രൂപയായി വർദ്ധിപ്പിക്കുക, നൽകാനുള്ള 3 മാസത്തെ കുടിശ്ശിക നൽകുക, വിരമിക്കല്‍ പ്രായം 62 എന്ന് ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനം പിൻവലിക്കുക, 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യമായി നൽകുക തുടങ്ങിയ തികച്ചും ന്യായമായ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നില്‍ രാപകല്‍സമരം നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശാവർക്കർമാർ ഉന്നയിക്കുന്ന ആവശ്യങ്ങളെക്കുറിച്ച് അവരുമായി ചർച്ച ചെയ്യുന്നതിനു പകരം അവരെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാനാണ് ആരോഗ്യ – ധനകാര്യ മന്ത്രിമാരും ചില സിപിഎം, സിഐടിയു നേതാക്കളും ശ്രമിക്കുന്നത്. സംഘടിക്കാനും സമരം ചെയ്യാനുമുള്ള പ്രാഥമിക അവകാശത്തെപ്പോലും ചോദ്യം ചെയ്യുകയാണ് ഭരണാധികാരികള്‍. സെക്രട്ടറിയേറ്റിനുമുന്നില്‍ ആശാവർക്കർമാരെ അഭിസംബോധന ചെയ്ത് സംസാരിച്ച ബുദ്ധിജീവികളെയും സാമൂഹ്യപ്രവർത്തകരെയും പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള ബാലിശവും പരിഹാസ്യവുമായ നീക്കമുണ്ടാകുന്നു. ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തില്‍ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല ഇതൊന്നും. സമരം ചെയ്യുന്നവരെ അധിക്ഷേപിക്കാനും സമരത്തെ അടിച്ചമർത്താനുമുള്ള നീക്കത്തില്‍നിന്ന് സർക്കാർ പിന്മാറണം.
ആശാവർക്കർമാരുടെ ഓണറേറിയം നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാരാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നില്‍ അല്ല കേന്ദ്രത്തിനെതിരേയാണ് സമരം ചെയ്യേണ്ടതെന്നുമാണ് സർക്കാരിന്റെ സ്വയംപ്രഖ്യാപിത വക്താക്കളായി സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്നവർ പറയുന്നത്. സംസ്ഥാനത്ത് ആരോഗ്യ പരിപാലനമേഖലയിലെ ഏറ്റവും താഴെത്തട്ടില്‍ സുപ്രധാനമായ ചുമതലകള്‍ ഏറ്റെടുത്ത് കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളുടെ ജീവിതം വഴിമുട്ടിനില്‍ക്കുകയാണ് ഇവിടെ. ഉത്തരവാദിത്വത്തില്‍നിന്ന് സംസ്ഥാന സർക്കാർ ഒളിച്ചോടരുത്. സമരം ചെയ്യുന്ന ആശാവർക്കർമാരുമായി ഒരു നിമിഷം വൈകാതെ ചർച്ച ആരംഭിക്കണമെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കണമെന്നും ബന്ധപ്പെട്ട എല്ലാവരോടും എഴുത്തുകാര്‍ സംയുക്ത പ്രസ്ഥാവനയിൽ അറിയിച്ചു.