ഇന്ത്യ – ഓസീസ് ഫൈനൽ ! ആരൊക്കെ ഇരു ടീമിലും മിന്നും ; ഇന്ത്യയുടേയും ഓസ്ട്രേലിയയുടേയും വിജയ സാധ്യതകൾ ഇങ്ങനെ

അഹമ്മദാബാദ് : ഒരൊറ്റ ജയം, അതുമാത്രം മതി ഇന്ത്യയ്ക്ക് മൂന്നാംവട്ടവും ഏകദിന ക്രിക്കറ്റിലെ മുടിചൂടാ മന്നന്മാരാകുവാൻഇതുവരെ കളിച്ച പത്തുമത്സരങ്ങളിലും പുറത്തെടുത്ത വിജയതാളം ഇന്നുകൂടി നിലനിറുത്താൻ രോഹിതിനും സംഘത്തിനും കഴിയുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ആരാധകര്‍ കരുതുന്നതിന് പല കാരണങ്ങളുണ്ട്. കരിയറിലെ മികച്ച ഫോമില്‍ കളിക്കുന്ന വിരാട് കൊഹ്‌ലി, പകരക്കാരനായി ടീമിലേക്ക് വന്നെങ്കിലും പകരക്കാരനില്ലാത്തവനായി മാറിയിരിക്കുന്ന മുഹമ്മദ് ഷമി, സ്വാര്‍ത്ഥതാത്പര്യങ്ങളില്ലാതെ ടീമിന്റെ വിജയത്തിന് വേണ്ടുന്ന ശൈലിയില്‍ ബാറ്റുചെയ്യുന്ന രോഹിത് ശര്‍മ്മ. 

Advertisements

ഡെങ്കിപ്പനിയുടെ ക്ഷീണത്തിലും തന്റെ ബാറ്റിംഗ് പാടവം കൈവിടാത്ത ശുഭ്മാൻ ഗില്‍, വിക്കറ്റ് കീപ്പറായും മദ്ധ്യനിര ബാറ്ററായും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന കെ.എല്‍ രാഹുല്‍,മദ്ധ്യനിരയില്‍ വിശ്വസ്തനായി മാറിയിരിക്കുന്ന ശ്രേയസ് അയ്യര്‍, ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും തന്റേതായ സംഭാവനകള്‍ മറക്കാത്ത ജഡേജ. തുടക്കത്തില്‍തന്നെ എതിരാളികളെ തകര്‍ക്കുന്ന ബുംറയും സിറാജും, പന്ത് കുത്തിതിരിക്കുവാൻ മിടുക്കനായ കുല്‍ദീപ് എന്നിങ്ങനെ നീളുന്ന ഇന്ത്യൻ താരങ്ങളുടെ പ്രകടനവിശേഷം തന്നെയാണ് ഇന്ത്യയെ കിരീട ഫേവറിറ്റുകളാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒക്ടോബര്‍ എട്ടിന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയെ ആറുവിക്കറ്റിന് പറപ്പിച്ചാണ് ഇന്ത്യ തങ്ങളുടെ ലോകകപ്പ് അശ്വമേധം തുടങ്ങിയത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 199 റണ്‍സില്‍ ആൾ ഔട്ടാക്കിയശേഷം ഇന്ത്യ 41.2 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. കഴിഞ്ഞ ലോകകപ്പിലെ പുറത്താകലിന് സെമിഫൈനലില്‍ ന്യൂസിലാൻഡിനോട് കണക്കുതീര്‍ത്താണ് ഇന്ത്യ കലാശക്കളിക്ക് ടിക്കറ്റെടുത്തത്. പക്ഷേ ടൂര്‍ണമെന്റില്‍ ഇന്ത്യ ഇതുവരെ ഏറ്റവുമധികം സമ്മര്‍ദ്ദം നേരിട്ട മത്സരം സെമി ഫൈനലായിരുന്നു.ആദ്യം ബാറ്റ് ചെയ്ത 397/4 എന്ന സ്കോര്‍ ഉയര്‍ത്തിയിട്ടും 42-ാം ഓവറില്‍ ഡാരില്‍ മിച്ചല്‍ പുറത്താകുന്നതുവരെ ഇന്ത്യ തീ തിന്നു.ഏഴ് വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയുടെ അവിസ്മരണീയ പ്രകടനവും സച്ചിന്റെ റെക്കാഡ് തിരുത്തിയ വിരാടിന്റെ സെഞ്ച്വറിയും ശ്രേയസിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയും ഇന്ത്യയ്ക്ക് ഫൈനലിലേക്കുള്ള വാതില്‍ തുറന്നു.ഇന്ത്യയുടെ കുന്തമുനകള്‍

വിരാട് കൊഹ്‌ലി

10 മത്സരങ്ങളില്‍ നിന്ന് 711 റണ്‍സാണ് വിരാട് ഇതുവരെ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ സച്ചിന്റെ സെഞ്ച്വറി റെക്കാഡ് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ . 101.57 ആണ് ലോകകപ്പിലെ ശരാശരി. 90.68 സ്ട്രൈക്ക് റേറ്റും.

മുഹമ്മദ് ഷമി

ആറു മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകളുമായി ലോകകപ്പിലെ ടോപ് സ്കോററര്‍ സ്ഥാനത്ത്. കഴിഞ്ഞകളിയില്‍ ഏഴു വിക്കറ്റുമായി കരിയറിലെ മികച്ച പ്രകടനം. ഷമിയുടെ ഫോംതന്നെയാണ് ഇന്ത്യയുടെ വജ്രായുധം.രോഹിത് ശര്‍മ്മ

10 മത്സരങ്ങളില്‍ നിന്ന് 550 റണ്‍സാണ് ഇന്ത്യൻ നായകൻ നേടിയിരിക്കുന്നത് . ടീമിന് മികച്ച തുടക്കം നല്‍കുക എന്ന തന്റെ ലക്ഷ്യത്തോട് നൂറ് ശതമാനവും കൂറുപുലര്‍ത്തുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സുകള്‍.

കെ.എല്‍ രാഹുല്‍ വിശ്വസ്തനായ ബാറ്ററാണ് രാഹുല്‍. അതിലേറെ വിശ്വസ്തനാണ് കീപ്പിംഗിലെന്ന് ഈ ലോകകപ്പിലൂടെ രാഹുല്‍ തെളിയിച്ചിരിക്കുന്നു. ഓസ്ട്രേലിയയ്ക്ക് എതിരായ കഴിഞ്ഞ കളിയില്‍ 97 റണ്‍സ് നേടി മാൻ ഒഫ് ദ മാച്ചായിരുന്നു.

രവീന്ദ്ര ജഡേജ ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ മികവ് പുലര്‍ത്തുന്നു. അഹമ്മദാബാദിലെ പിച്ച്‌ സ്പിന്നിനെ പിന്തുണയ്ക്കുമെങ്കില്‍ കുല്‍ദീപിനൊപ്പം ജഡേജയ്ക്ക് പ്രധാന റോളുണ്ടാവും.

ജസ്പ്രീത് ബുംറ വിക്കറ്റ് വീഴ്ത്താനും റണ്‍ഒഴുക്ക് തടയാനും അവസാന ഓവറുകളില്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനും രോഹിതിന് ആശ്രയം ബുംറയാണ്. 18 വിക്കറ്റുകള്‍ ഇതിനകം വീഴ്ത്തിക്കഴിഞ്ഞു. 3.98ആണ് ഇക്കോണമി.

ഓസീസ് തുറുപ്പുചീട്ടുകള്‍

ഡേവിഡ് വാര്‍ണര്‍

ഇന്ത്യൻ സാഹചര്യങ്ങളെ ഏറ്റവും നന്നായി അറിയുന്ന ഓസീസ് ബാറ്റര്‍ . 10 മത്സരങ്ങളില്‍ നിന്ന് 528 റണ്‍സ് നേടിക്കഴിഞ്ഞു. വാര്‍ണറെ തുടക്കത്തിലേ വീഴ്ത്തുകയാണ് വേണ്ടത്.മിച്ചല്‍ മാര്‍ഷ്

ഒൻപത് മത്സരങ്ങളില്‍ നിന്ന് 426 റണ്‍സ് നേടിക്കഴിഞ്ഞ മാര്‍ഷ് ആള്‍റൗണ്ടറുമാണ്. വാര്‍ണര്‍ക്കൊപ്പം ചേരുമ്ബോള്‍ മാര്‍ഷിന് വീര്യം കൂടുന്നു.

ആദം സാംപ

ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ ആദം സാംപയാണ്. അഹമ്മദാബാദില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണെങ്കില്‍ സാംപ അപകടകാരിയായേക്കും.

ജോഷ് ഹേസല്‍വുഡ്

ഓസീസ് പേസര്‍മാരില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ഹേസല്‍വുഡാണ്. 10 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ വീഴ്ത്തി. സെമിയില്‍ ദക്ഷിണാഫ്രിക്കൻ മുൻനിരയെ തകര്‍ത്തു.

ഗ്ളെൻ മാക്സ്‌വെല്‍ ഈ ലോകകപ്പില്‍ ഇരട്ട സെഞ്ച്വറി നേടിയ ഏകതാരം മാക്സ്‌വെല്ലാണ്. അസാദ്ധ്യമെന്ന് കരുതുന്നത് സാദ്ധ്യമാക്കുന്നതാണ് മാക്സ്‌വെല്ലിന്റെ രീതി. ഇന്ത്യൻ ബൗളിംഗിനെ നേരിട്ട് പരിചയമുണ്ട്.

ട്രാവിസ് ഹെഡ്

കഴിഞ്ഞകളിയിലെ ട്രാവിസ് ഹെഡിന്റെ സ്പിൻ ബൗളിംഗ് നോക്കുമ്ബോള്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഭയക്കേണ്ട താരമാണ്. അസാദ്ധ്യ തിരിവാണ് ഹെഡിന്റെ പന്തുകള്‍ക്ക് ലഭിച്ചത്. ബാറ്റിംഗിലും ബഹുകേമൻ.

ഇല്ലിംഗ്‌വര്‍ത്തും കെറ്റില്‍ബറോയും അമ്ബയര്‍മാര്‍

ഫൈനല്‍ നിയന്ത്രിക്കാനുള്ള ഓണ്‍ഫീല്‍ഡ് അമ്ബയര്‍മാരായി ഇംഗ്ളണ്ടുകാരായ റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്തിനെയും റിച്ചാര്‍ഡ് കെറ്റില്‍ബറോയേയും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ നിയോഗിച്ചു. 2009 മുതല്‍ ഇരുവരും ഐ.സി.സിയുടെ എലൈറ്റ് അമ്ബയേഴ്സ് പാനലിലുള്ളവരാണ്. 2015 ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ച അമ്ബയറാണ് കെറ്റില്‍ബറോ. ജോയല്‍ വില്‍സണാണ് മൂന്നാം അമ്ബയര്‍. ക്രിസ് ഗഫാനെ നാലാം അമ്ബയറാകും. ആൻഡി പൈക്രോഫ്ടാണ് മാച്ച്‌ റഫറി.

Hot Topics

Related Articles