കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ വിജയ വാൾ വീശി അഴിഞ്ഞാടി നിന്ന യശസ്വി ജയ്‌സ്വാളിന്റെ ആക്രമണത്തിനു മറുപടി നൽകാൻ കൊൽക്കത്തയുടെ നിരയിൽ ആരുമുണ്ടായിരുന്നില്ല. വീരോചിതം ഒറ്റയാൾ പോരാട്ടം നടത്തിയ യശസ്വിയുടെ കിടിലൻ ഹിറ്റിൽ കൊൽക്കത്ത ചിത്രത്തിൽ നിന്ന് തന്നെ മാഞ്ഞു. 47 പന്തിൽ 98 റണ്ണടിച്ചു കൂട്ടിയ യസ്വാളിന്റെ മികവിലാണ് 41 പന്ത് ബാക്കി നിൽക്കെ രാജസ്ഥാൻ വിജയം സ്വന്തമാക്കിയത്. വിജയത്തോടെ രാജസ്ഥാൻ ടൂർണമെൻ്റിൽ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിലെ വേഗമേറിയ അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയ രാജസ്ഥാൻ ബാറ്റർ യശസ്വി ജയ്‌സ്വാൾ ആഞ്ഞടിക്കുകയായിരുന്നു. 13 പന്തിലാണ് ജയ്‌സ്വാൾ അർദ്ധ സെഞ്ച്വറി പിന്നിട്ടത്. ഇതിനായി മൂന്നു സിക്‌സറുകൾ പറത്തായ ജയ്‌സ്വാൾ അടിച്ചു കൂട്ടിയത് ആറു ഫോറാണ്. ആദ്യ ഓവറിലെ രണ്ടു പന്തുകൾ സിക്‌സടിച്ച ജയ്‌സ്വാൾ, മൂന്നു പന്തുകളിൽ ഫോറും പറത്തി. കൊൽക്കത്തയുടെ തന്ത്രവുമായി പന്തെറിയാൻ എത്തിയ ക്യാപ്റ്റൻ നിതീഷ് റാണയാണ് ജയ്‌സ്വാളിന്റെ ബാറ്റിന്റെ ചൂടേറ്റു വാങ്ങിയത്. ആദ്യ ഓവറിൽ മാത്രം 26 റണ്ണാണ് ജയ്‌സ്വാൾ റാണയ്‌ക്കെതിരെ അടിച്ചു കൂട്ടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരസെഞ്ച്വറിയ്ക്കു ശേഷം വേഗം കുറച്ച ജയ്‌സ്വാൾ ഒരു ഘട്ടത്തിൽ സെഞ്ച്വറിയിലേയ്ക്കു അതിവേഗം കുതിയ്ക്കുകയാണ് എന്നു തോന്നിപ്പിച്ചു. 47 പന്തിൽ നിന്നും 98 റണ്ണെടുത്ത ജയ്‌സ്വാൾ ഇതിനായി പറത്തിയത് 12 ഫോറും അഞ്ചു സിക്‌സറുമാണ്. ജയ്‌സ്വാളുമായുള്ള ആശയക്കുഴപ്പത്തിന്റെ പേരിൽ റണ്ണെടുക്കും മുൻപ് ബട്‌ലർ പുറത്തായെങ്കിലും, ഇത് പോലും ജയ്‌സ്വാളിന്റെ ബാറ്റിംങിനെ ബാധിച്ചില്ല. ജയ്‌സ്വാളിന് ഒത്ത കൂട്ടായി മറുവശത്ത് ക്യാപ്റ്റൻ സഞ്ജുവും ഉണ്ടായിരുന്നു. അഞ്ചു സിക്‌സറുകൾ പറത്തിയ സഞ്ജു 29 പന്തിൽ നിന്നും 48 റണ്ണടിക്കാൻ രണ്ടു ഫോറുകളാണ് അടിച്ചത്.
ടോസ് നഷ്ടമായ ബാറ്റിംങിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണർമാരായ ജെസൺ റോയിയും (10), ഗുർബാസും (18) ആദ്യം തന്നെ പുറത്തായി. വെങ്കിടേഷ് അയ്യരും (57), നിതീഷ് റാണയും (22) ചേർന്നാണ് ഭേദപ്പെട്ട സ്‌കോറിലേയ്ക്ക് ടീമിനെ എത്തിച്ചത്. റസൽ (10), റിങ്കു സിംങ് (16), ഷാർദൂൽ താക്കൂർ (1), അങ്കുൽ റോയി (6) , സുനിൽ നേരൻ (6) എന്നിവർ പെട്ടന്ന് പുറത്തായതാണ് 150 ൽ കൊൽക്കത്തയെ ഒതുക്കിയത്. നാലു വിക്കറ്റ് പിഴുത ചഹലാണ് കൊൽക്കത്തയെ തകർത്തത്. ബോൾട്ട് രണ്ടും, കെ.എം ആസിഫും സന്ദീപ് ശർമ്മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.