കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ നവംബര്‍ 11 വരെ കോട്ടയം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സ്വാധീനഫലമായി കേരളത്തില്‍ നവംബര്‍ 10, 11 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും നവംബര്‍ 12 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വെള്ളപ്പൊക്കത്തിലും ഉരുള്‍ പൊട്ടലിലും നാശനഷ്ടം സംഭവിച്ച അക്ഷയ സംരംഭകര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. ജില്ലയിലെ അക്ഷയ ജീവനക്കാരും സംരംഭകരും സമാഹരിച്ച തുക അക്ഷയ ചീഫ് കോ-ഓര്‍ഡിനേറ്ററായ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ദുരിത ബാധിതരായ സംരംഭകര്‍ക്കു കൈമാറി. മണ്ണംപ്ലാവ്, കൂട്ടിക്കല്‍, എരുമേലി, കോരുത്തോട്, മണിമല, ചേന്നാട് കവല എന്നിവിടങ്ങളിലെ ആറു സംരംഭകര്‍ക്കാണ് തുക വിതരണം ചെയ്തത്. ഫിനാന്‍സ് ഓഫീസര്‍ എം.എസ്. ഷാജി, ജില്ലാ പ്രൊജക്റ്റ് മാനേജര്‍ കെ. ധനേഷ്, അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ റീന ഡാരിയസ്, ബ്ലോക്ക് ഇന്‍-ചാര്‍ജ് സി.എസ്. കവിത മോള്‍, വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള സംരംഭക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.