കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ നേരിടുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മത്സരത്തിൽ കൊൽക്കത്ത ഓപ്പണർ സുനിൽ നരേൻ ഗോൾഡൻ ഡക്കായി. ജസ്പ്രീത് ബുംറയുടെ പന്തിൽ യാതൊരു ഐഡിയയും നരേന് ലഭിച്ചില്ല. ബുംറയുടെ യോർക്കർ കൊൽക്കത്ത ഓപ്പണറുടെ ഓഫ് സ്റ്റമ്പ് തെറുപ്പിച്ചു. യോക്കറിനെ നേരിടാനുള്ള നരേൻ്റെ കഴിവുകേടിനെ തിരിച്ചറിഞ്ഞ ബുംറ ആദ്യ പന്തിൽ തന്നെ തന്റെ വജ്രയുധം പ്രയോഗിക്കുകയായിരുന്നു. ആ തന്ത്രം ഫലം കാണുകയും ചെയ്തു. റണ്ണെടുക്കും മുൻപ് കൊൽക്കത്തയുടെ ടോപ് സ്കോറർ പുറത്ത്.
ഗോൾഡൻ ഡക്കായ നരേന്റെ പേരിൽ നാണക്കേടിന്റെ റെക്കോർഡും സ്വന്തമായി. ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് മടങ്ങുന്ന താരമായി നരേൻ. ഇത് 44-ാം തവണയാണ് താരം പൂജ്യത്തിന് പുറത്താകുന്നത്. ഇംഗ്ലണ്ട് താരം അലക്സ് ഹെയ്ൽസ് ആണ് രണ്ടാമൻ. അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ മൂന്നാമതാണ്.മത്സരത്തിൽ കൊൽക്കത്ത ഭേദപ്പെട്ട സ്കോർ ഉയർത്തി. മഴമൂലം 16 ഓവറായി ചുരുക്കിയ മത്സരത്തിൽ കൊൽക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തിരുന്നു. 21 പന്തിൽ 42 റൺസെടുത്ത വെങ്കിടേഷ് അയ്യരാണ് ടോപ് സ്കോറർ.