കണ്ണൂർ: കണ്ണൂരില്‍ എഡിഎം നവീൻ ബാബു മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. എഡിഎമ്മിനെ അധിക്ഷേപിച്ച പി പി ദിവ്യയുടെ വീട്ടിലേക്ക് വിവിധ സംഘടനകളുടെ പ്രതിഷേധ മാർച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്. അവധിയെടുത്ത് തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് റവന്യൂ ജീവനക്കാർ. സിപിഎമ്മിന് ഉള്ളിലും പ്രതിഷേധം ശക്തമാണ്.
അതേസമയം, ദിവ്യയുടെ വീടിന് സംരക്ഷണ വലയമൊരുക്കിയിരിക്കുകയാണ് കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകര്‍. നവീൻ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ സംഘർഷമുണ്ടായി. ദിവ്യയുടെ വീടിന്റെ മതില് ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുത്തതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളം സിവില്‍ സ്റ്റേഷൻ എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. കളക്ടറേറ്റ് ജീവനക്കാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.