ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവാത്ത ദിനമാണ് സെപ്റ്റംബർ 19. പതിനേഴ് വർഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ച യുവിയുടെ വെടിക്കെട്ട് പിറന്നത്. ക്രിക്കറ്റ് ലോകത്തെയൊന്നാകെ അമ്ബരപ്പിച്ച വെടിക്കെട്ട്. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഒരോവറിലെ ആറ് പന്തുകളും സിക്സറടിച്ച് യുവി ചരിത്രം കുറിച്ചു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ആദ്യമായാണ് ഒരോവറിലെ മുഴുവൻ പന്തുകളും സിക്സർ നേടുന്നത്. ഇപ്പോഴിതാ ആ ചരിത്രമിനിഷത്തിന്റെ പതിനേഴാം വർഷത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് യുവരാജ് സിങ്.
സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറില്‍ ആറ് സിക്സറുകളടിക്കുന്ന വീഡിയോയാണ് താരം എക്സിലൂടെ പങ്കുവെച്ചത്. രാജ്യത്തെ പ്രതിനിധീകരിക്കാനും ഇതുപോലുള്ള നിമിഷങ്ങള്‍ക്കുമൊക്കെ എക്കാലവും നന്ദിയുള്ളവനായിരിക്കുമെന്ന് താരം കുറിച്ചു.2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സൂപ്പർ സിക്സ് മത്സരത്തിലാണ് യുവി വെടിക്കെട്ട് നടത്തിയത്. കിവീസിനോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇംഗ്ലണ്ടുമായുള്ള മത്സരം നിർണായകമായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ ഗംഭീറും (58), സെവാഗും (68) ചേർന്ന് മികച്ച തുടക്കം നല്കി. റോബിൻ ഉത്തപ്പ പുറത്തായ ശേഷം 17-ാം ഓവറിലാണ് യുവി ക്രീസിലെത്തുന്നത്. അപ്പോള്‍ സ്കോർ മൂന്നിന് 171.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
18-ാം ഓവർ ബൗള്‍ ചെയ്ത ഫ്ളിന്റോഫിനെതിരേ യുവി തുടർച്ചയായി രണ്ടു ബൗണ്ടറികള്‍ നേടി. ഇതോടെ ഫ്ളിന്റോഫ് പ്രകോപനപരമായി എന്തോ പറഞ്ഞു. യുവിയും വിട്ടുകൊടുക്കാതിരുന്നതോടെ അതൊരു വാക്കേറ്റമായി. ഒടുവില്‍ അമ്ബയർമാർ ഇടപെട്ടാണ് ഈ അടി അവസാനിപ്പിച്ചത്.
എന്നാല്‍ യുവിക്ക് പറഞ്ഞ് മതിയായിട്ടില്ലായിരുന്നു. 19-ാം ഓവർ എറിയാനെത്തിയത് അന്നത്തെ കൗമാരക്കാരൻ സ്റ്റുവർട്ട് ബ്രോഡ്. ഫ്ളിന്റോഫിന് കൊടുക്കാൻ വെച്ചത് യുവി ബ്രോഡിന് കൊടുത്തപ്പോള്‍ ആ ഓവറിലെ ആറു പന്തുകളും ഗാലറിയില്‍ പതിച്ചു. വെറും 12 പന്തില്‍ നിന്ന് യുവിക്ക് അർധ സെഞ്ചുറി, ഒപ്പം റെക്കോഡും. 16 പന്തില്‍ ഏഴു സിക്സും മൂന്ന് ബൗണ്ടറികളുമടക്കം 58 റണ്‍സുമായി യുവി അവസാന ഓവറിലെ അഞ്ചാം പന്തില്‍ മടങ്ങിയപ്പോള്‍ ഇന്ത്യൻ സ്കോർ നാലിന് 218 റണ്‍സിലെത്തിയിരുന്നു.