ദില്ലി: ജോർജിയയിൽ 11 ഇന്ത്യാക്കാരടക്കം 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചത്. തബ്ലിസിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മരണ കാരണം സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. മരിച്ചവരിൽ ഒരാൾ ജോർജിയൻ പൗരനെന്നാണ് വിവരം.
ഹോട്ടൽ കെട്ടിടത്തിലെ രണ്ടാം നിലയിലെ റൂമിൽ കിടന്നുറങ്ങുകയായിരുന്നു മരിച്ചവർ. ഇവരുടെ ശരീരത്തിൽ മുറിവുകളോ ആക്രമണത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്ന് ജോർജിയ പൊലീസ് അറിയിച്ചു. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നും പ്രാഥമിക വിവരമുണ്ട്. അതേസമയം സംഭവം കൂട്ട കൊലപാതകമാണോയെന്നടക്കം അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം മൃതദേഹങ്ങൾ കണ്ടെത്തിയ മുറിയുടെ സമീപത്ത് ജനറേറ്റർ കണ്ടെത്തിയെന്ന് ജോർജിയ മിനിസ്ട്രി ഓഫ് ഇന്റേണൽ അഫയേഴ്‌സ് വാർത്താക്കുറിപ്പിറക്കി. ചെറിയ അടച്ചിട്ട മുറിയിൽ പ്രവർത്തിച്ച ജനറേറ്ററിൽ നിന്നുമുയർന്ന പുക ശ്വസിച്ചാണ് മരണമെന്ന് സംശയം. ജനറേറ്റർ വൈദ്യുതി നിലച്ചപ്പോൾ പ്രവർത്തിച്ചിരുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതായും ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുവെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.