മുംബൈ: ഓഹരി വിപണിയിൽ നിന്ന് 1000 ശതമാനം റിട്ടേൺ വാഗ്ദാനം ചെയ്ത പ്രമുഖ യൂട്യൂബർക്ക് സെബി 12 കോടി രൂപ പിഴയിട്ടു. ഓഹരി സംബന്ധമായ വിവരങ്ങൾ നൽകുന്ന പ്രമുഖ ഫിൻഫ്ലുവൻസർ രവീന്ദ്ര ബാലു ഭാരതിക്കാണ് പിഴ ലഭിച്ചത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന സെബിയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് 12 കോടി പിഴയിട്ട നടപടി.
പിഴത്തുക, പലിശ ലഭിക്കുന്ന ഒരു താൽക്കാലിക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് സെബി നിർദേശം. രവീന്ദ്ര ഭാരതിക്കും ഭാര്യ ശുഭാംഗിക്കും ഓഹരി വിപണിയിൽ വിലക്കേർപ്പെടുത്തുകയും ചെയ്തു. ഓഹരി സംബന്ധമായ വിവരങ്ങൾ നൽകുന്ന യൂട്യൂബ് ചാനലിലൂടെ ഇരുവരും ചേർന്ന് കോടികളാണ് ഉണ്ടാക്കിയിട്ടുള്ളത്. രവീന്ദ്ര ഭാരതി എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നുണ്ട്.