കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒറ്റ പെണ്‍കുട്ടി സംവരണം നിര്‍ത്തലാക്കരുത്; തീരുമാനം പുന:പരിശോധിക്കണം: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒറ്റ പെണ്‍കുട്ടി സംവരണം നിർത്തലാക്കരുതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2024-25 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശന പ്രക്രിയയില്‍ കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒറ്റപെണ്‍കുട്ടി സംവരണം നിർത്തലാക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ സമീപകാല തീരുമാനത്തില്‍ മന്ത്രി കടുത്ത ആശങ്ക രേഖപ്പെടുത്തി. മാതാപിതാക്കളുടെ ഒറ്റമോള്‍ക്ക് കേന്ദ്രീയ വിദ്യാലയങ്ങളില്‍ പ്രവേശനം നേടാനുള്ള അവസരം ഈ തീരുമാനം പരിമിതപ്പെടുത്തുന്നു. ഒറ്റപെണ്‍കുട്ടി സംവരണം പെണ്‍കുട്ടിയുള്ള കുടുംബങ്ങളെ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന പ്രശംസനീയമായ ഒരു സംരംഭമായിരുന്നു. ഒറ്റപെണ്‍കുട്ടി ഉള്ളവർക്ക് നിശ്ചിത എണ്ണം സീറ്റുകള്‍ അനുവദിച്ചുകൊണ്ടുള്ള തീരുമാനം സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ലിംഗസമത്വവും ഉള്‍ക്കൊള്ളലും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നോ കേന്ദ്രീയ വിദ്യാലയ സംഘടനയില്‍ നിന്നോ കൃത്യമായ വിശദീകരണമില്ലാതെ ഈ സംവരണം പൊടുന്നനെ നീക്കം ചെയ്തത് വളരെ ആശങ്കാജനകമാണ്. ഇത് സമൂഹത്തിന് പ്രതിലോമകരമായ സന്ദേശം നല്‍കുകയും ലിംഗസമത്വം കൈവരിക്കുന്നതിനും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് തുല്യമായ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഈ തീരുമാനം പുനഃപരിശോധിക്കാനും കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒറ്റപെണ്‍കുട്ടി സംവരണം പുനഃസ്ഥാപിക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇടപെടണം . പെണ്‍കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ ഈ സംരംഭം പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ലിംഗസമത്വത്തിൻ്റെയും സ്ത്രീ ശാക്തീകരണത്തിൻ്റെയും ഉന്നമനത്തിനായി തീരുമാനം പുന:പരിശോധിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

Hot Topics

Related Articles