ഭോപ്പാൽ: പിതാവിനേയും സഹോദരനേയും കൊലപ്പെടുത്തിയ കേസിൽ 15കാരിയ്ക്കായി തിരച്ചിൽ നടത്തി പൊലീസ്. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലാണ് സംഭവം. 52 കാരനായ പിതാവിനെയും എട്ട് വയസ്സുള്ള സഹോദരനെയും കൊലപ്പെടുത്തി പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവർക്കായി തിരച്ചിൽ തുടങ്ങി.
വെള്ളിയാഴ്ച പുലർച്ചെയാണ് ഇരട്ടക്കൊലപാതകം നടന്നത്. രണ്ടുപേരേയും കൊലപ്പെടുത്തിയതിന് ശേഷം, പെൺകുട്ടി പിതാവിൻ്റെ ഫോണിൽ നിന്ന് ബന്ധുവിന് വോയ്സ് മെസേജ് അയക്കുകയായിരുന്നു. ബന്ധുക്കൾ മെസേജ് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയപ്പോൾ വീട് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് രണ്ട് മൃതദേഹങ്ങൾ കണ്ടതെന്ന് പൊലീസ് അറിയിച്ചു. മുറിയിൽ പിതാവിന്റെ മൃതദേഹവും ഫ്രിഡ്ജിൽ വെച്ച നിലയിലായിരുന്നു സഹോദരന്റെ മൃതദേഹവും ഉണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കൊലപാതകത്തിന് ശേഷം പെൺകുട്ടി ആൺസുഹൃത്തിനൊപ്പം പോയെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ വർഷം പെൺകുട്ടിയുടെ തന്നെ പരാതിയിൽ സുഹൃത്തിനെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ജയിലിലായിരുന്ന സുഹൃത്ത് ജയിൽ മോചിതനായി. പെൺകുട്ടിയും ആൺസുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഇരുവരും ഒന്നിച്ചുള്ള സിസിടിവി ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ട്.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അടങ്ങുന്ന സംഘം പെൺകുട്ടിക്കും സുഹൃത്തിനുമായി തിരച്ചിൽ നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളും അവരുടെ ഫോൺ നമ്പറും കയ്യിലുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ അവർ ഉപയോഗിച്ച ഒരു ബൈക്ക് കണ്ടെടുത്തിയിട്ടുണ്ട്. രണ്ട് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അവരൊരുമിച്ചാണ് രക്ഷപ്പെട്ടതെന്നും പൊലീസ് പറയുന്നു.