കാലിഫോർണിയ: പേടിസ്വപ്നമാകുന്ന വലിപ്പമുള്ള പടുകൂറ്റന്‍ ഛിന്നഗ്രഹം ഭൂമിക്ക് അരികിലേക്ക്. 2024 ആർവി50 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹം ഒക്ടോബർ 18ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നു പോകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മുന്നറിയിപ്പ് നല്കി.
710 അടി, ഒരു വമ്പന്‍ സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഭീമന് ഛിന്നഗ്രഹം ഭൂമിക്ക് അരികിലേക്ക് വരികയാണ് എന്നാണ് നാസയുടെ മുന്നറിയിപ്പ്. വലിപ്പം കൊണ്ട് ഭീതി സൃഷ്ടിക്കുന്ന ഈ കൂറ്റന്‍ ഛിന്നഗ്രഹം പക്ഷേ ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കില്ല എന്ന് നാസയുടെ കാലിഫോർണിയയിലെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി നിരീക്ഷിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും ഭൂമിയും 2024 ആർവി50 ഛിന്നഗ്രഹവുമായി 4,610,000 മൈലിന്റെ അകലമുണ്ടാകുമെന്നാണ് ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയിലെ ശാസ്ത്രജ്ഞരുടെ അനുമാനം. എങ്കിലും ഭീമാകാരമായ വലിപ്പം കൊണ്ട് സമീപകാലത്ത് ഭൂമിയിലെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ കണ്ണിലെ കരടായി 2024 ആർവി50 ഛിന്നഗ്രഹം മാറിക്കഴിഞ്ഞു.
ഒക്ടോബർ 19നാവട്ടെ മറ്റൊരു ഛിന്നഗ്രഹം ഇതിലേറെ ഭൂമിക്കടുത്ത് എത്തുന്നുണ്ട്. 2024 ടിവൈ21 എന്നാണ് ഇതിന്റെ പേര്. 40 അടി മാത്രം വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിക്ക് 840,000 മൈല്‍ വരെ അടുത്തെത്തും. ഭൂമിക്ക് 4.6 ദശലക്ഷം മൈല്‍ (75 ലക്ഷം കിലോമീറ്റര്‍) അടുത്തെത്തുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ച് നാസ പതിവായി മുന്നറിയിപ്പ് നല്‍കാറുണ്ട്.
ഈ അകലത്തിലെത്തുന്ന 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങളേ ഭൂമിക്ക് ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ളൂ. നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയാണ് ഇത്തരം ബഹിരാകാശ വസ്തുക്കളെ കുറിച്ച് പഠിക്കുകയും അവയുടെ പാത കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്ന പ്രധാന ഏജന്‍സി.