ചെന്നൈ: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 225 കിലോ കഞ്ചാവ് തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് സേലം ശങ്കരഗിരി സ്വദേശി അരുണ്‍കുമാര്‍, കൃഷ്ണഗിരി ബേഗുര്‍ ഷണ്മുഖം എന്നിവരെ നാര്‍കോട്ടിക് ഇന്റലിജന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍നിന്ന് ലോറിയിലെത്തിച്ച കഞ്ചാവാണ് ഇടുക്കി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും തമിഴ്നാട് നാര്‍കോട്ടിക് ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് പിടികൂടിയത്.
ആന്ധ്രയില്‍നിന്ന് കടലാസുമായി വന്ന ലോറിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. തമിഴ്നാട് അതിര്‍ത്തിവരെ കഞ്ചാവ് എത്തിക്കുമ്പോള്‍ ഒന്നരലക്ഷം രൂപയായിരുന്നു ലോറിയിലുണ്ടായിരുന്നവര്‍ക്ക് ലഭിച്ചിരുന്ന പ്രതിഫലം. ആന്ധ്രയില്‍നിന്ന് തമിഴ്നാട് വഴി കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതായി ഇടുക്കി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. കേരളത്തിലേക്ക് കടത്താനായി ഇവ തമിഴ്നാട്ടിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ സൂക്ഷിക്കുന്നതായും വിവരമുണ്ടായിരുന്നു. തുടര്‍ന്നാണ് എക്സൈസ് സംഘം തമിഴ്നാട്ടില്‍ നിരീക്ഷണം നടത്തിയത്. ഇതിനിടെ ദിണ്ടിഗലില്‍വെച്ച് കഞ്ചാവുമായി വന്ന ലോറി എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോറിയില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തതോടെ എക്സൈസ് സംഘം തമിഴ്നാട് നാര്‍കോട്ടിക് ഇന്റലിജന്‍സ് ബ്യൂറോയെയും വിവരമറിയിക്കുകയായിരുന്നു. നാര്‍കോട്ടിക്സ് ബ്യൂറോയാണ് സംഭവത്തില്‍ കേസെടുത്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേരളത്തിലെ മൊത്തവിതരണക്കാരനായ മധുര കീരിപ്പെട്ടി സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രതികളുടെ മൊഴി.