തൊടുപുഴ: വീട്ടിൽ നിന്നും മാൻകൊമ്പ് കണ്ടെടുത്ത കേസ് ലഘൂകരിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിജിലൻസ് പിടിയിലായി. തൊടുപുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ലിബിൻ ജോണി നെയാണ് വിജിലൻസ് സംഘം ക്വാർട്ടേഴ്സിൽ വെച്ച് കൈക്കൂലി വാങ്ങവേ അറസ്റ്റ് ചെയ്തത്. പരാതിക്കാരന്റെ വീട്ടിൽ ഓപ്പറേഷൻ കുബേരയുടെ ഭാഗമായി തൊടുപുഴ പോലീസ് നടത്തിയ റെയ്ഡിൽ മാൻകൊമ്പിന്റെ കഷണം കണ്ടെത്തിയിരുന്നു.
ഇത് ഫോറസ്റ്റിന് കൈമാറിയതിന് പിന്നാലെ തൊടുപുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ പരാതിക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസ് ലഘൂകരിച്ച് നൽകാമെന്നും അറസ്റ്റ് ഒഴിവാക്കാമെന്നും അതിനായി ഒരു ലക്ഷം രൂപയും മദ്യവും വേണമെന്നും റേഞ്ച് ഓഫീസർ ആവശ്യപ്പെട്ടു. മദ്യം മുട്ടത്തുള്ള റേഞ്ച് ഓഫീസറുടെ ക്വാർട്ടേഴ്സിൽ എത്തിച്ചു നൽകിയപ്പോൾ ഒരു ലക്ഷം രൂപ കൂടി ഉടൻ നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. കൈക്കൂലി തുക കുറച്ചു നൽകാമോ എന്ന് ചോദിച്ചപ്പോൾ ഒരു ലക്ഷം രൂപ തന്നെ വേണമെന്ന് റേഞ്ച് ഓഫീസർ നിർബന്ധം പിടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ് പി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ ടിപ്സൺ തോമസ്, കിരൺ ടി ആർ, പ്രദീപ് എസ്, എസ് ഐ മാരായ സ്റ്റാൻലി തോമസ്, ജോയ് എ ജെ, മുഹമ്മദ് ഇ എ, ഷാജികുമാർ വി കെ, സുരേഷ് കുമാർ ബി, ജയ്മോൻ വി എം, സാബു വി ടി, എ എസ് ഐമാരായ സഞ്ജയ് കെ ജി, ബേസിൽ പി ഐസക്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സനൽ ചക്രപാണി, മൈതീൻ എം ബി, രാജേഷ് ടി പി, സുരേഷ് കെ ആർ, ദിലീപ് കുമാർ, സന്ദീപ് ദത്തൻ, ഷിബു കെ ടി, നൗഷാദ്, അരുൺ രാമകൃഷ്ണൻ മനോജ് കെ ആർ, വിപിൻ കെ ആർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റേഞ്ച് ഓഫീസറെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.