കൊച്ചി : ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി എ ഐ സി സി പ്രഖ്യാപിച്ചിട്ടുള്ള ബൂത്ത് തല ഭവന സന്ദർശന പരിപാടിയായ ഹാത്ത് സെ ഹാത്ത് ജോഡോ അഭയാൻ പ്രചാരണത്തിന് തുടക്കമായി. ഇന്ന് രാവിലെ ഏഴ് മണിക്ക് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം വടുതലയിൽ നിർവഹിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എംപി എന്നിവരുടെ സാന്നിദ്ധ്യത്തിൽ വടുതല പാലത്തിന് സമീപത്തുള്ള അഗസ്റ്റിൻ നെടിയതറ റോഡിൽ നിന്ന് ആരംഭിച്ച് , ഐ ജെ ജോൺ റോഡ് വഴി ബോട്ട് ജെട്ടി റോഡിലുളള ഭവനങ്ങൾ സന്ദർശിച്ച് പ്രഭാത ഭക്ഷണത്തോടെ ഉദ്ഘാടനദിന ഭവന സന്ദർശനം സമാപിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബൂത്തുതല ഭവന സന്ദർശനങ്ങൾ ഫെബ്രുവരി 24 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ ഭവന സന്ദർശന പരിപാടിയിൽ പങ്കെടുക്കും. ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഫെബ്രുവരി 25 മുതൽ മാർച്ച് 21 വരെ രണ്ടാം ഘട്ട പദയാത്രയും സംഘടിപ്പിക്കും.
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ തെറ്റായ ജനവിരുദ്ധ നയങ്ങളെ പറ്റി ബോധവൽക്കരണം നടത്താനുള്ള ലഘുലേഖകളുമായാണ് സന്ദർശനം നടത്തുക. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ജനവികാരം ഉണർത്താനും ഭാരത് ജോഡോ യാത്ര പകർന്ന ആവേശം കെടാതെ സൂക്ഷിക്കാനുമാണ് ഭവന സന്ദർശനം. ഇതിനൊപ്പം കോൺഗ്രസ്സ് പാർട്ടിയുടെ 138ാംജന്മദിനത്തോടനുബന്ധിച്ച് കെപിസിസി സംഘടിപ്പിക്കുന്ന 138 രൂപ ചാലഞ്ച് വിജയിപ്പിക്കാനും ഭവന സന്ദർശനം ലക്ഷ്യമിടുന്നു. കെ.പി.സി.സിയുടെ ഫണ്ട് ശേഖരണ പദ്ധതിയായ 138 രൂപ ചലഞ്ചിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് എറണാകുളം ഡി.സി.സി ഓഫീസിൽ നടക്കും.