ന്യൂയോർക്ക്: യു.എസിലെ ആർകാൻസാസിൽ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയെ കാണാതായി. കോൺവേ സ്വദേശിയായ തൻവി മരുപ്പള്ളി എന്ന പതിനാലുകാരിയ്ക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ജനുവരി 17ന് ബസിൽ സ്‌കൂളിലേക്ക് പോയ കുട്ടിയെ പിന്നീട് ആരും കണ്ടിട്ടില്ല.
ടെക് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പിതാവിന് ജോലി നഷ്ടമാകുമെന്നും ഇത് യു.എസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ കാരണമാകുമെന്ന ഭയത്തിൽ കുട്ടി വീട് വിട്ടതായിരിക്കാമെന്ന് കരുതുന്നു. കുട്ടിയുടെ വിവരം നൽകുന്നവർക്ക് 5,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വർഷങ്ങളായി യു.എസിൽ താമസിക്കുന്ന കുട്ടിയുടെ കുടുംബത്തിന് ഇതുവരെ പൗരത്വം ലഭിച്ചിട്ടില്ല. കുട്ടിയുടെ അമ്മ ശ്രീദേവി ജോലി നഷ്ടമായതോടെ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഒരു വർഷം കൊണ്ട് ആശ്രിത വിസയിലാണ് ഇവർ തിരിച്ചെത്തിയത്. അമേരിക്കയിൽ ടെക് മേഖലയിൽ വ്യാപക കൂട്ടപ്പിരിച്ചുവിടൽ തുടരുന്ന സാഹചര്യത്തിൽ കുട്ടിയുടെ പിതാവ് പവൻ റോയി മരുപ്പള്ളിക്കും ജോലി നഷ്ടമാകാൻ സാദ്ധ്യതയുണ്ട്. ജോലി പോയാൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന് പവൻ പറഞ്ഞത് മുതൽ കുട്ടി അസ്വസ്ഥയായിരുന്നു.