തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ച് ഹെൽത്ത് കാർഡ് എടുക്കുന്നതിന് ഫെബ്രുവരി 28വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60ശതമാനത്തോളം ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വിലയിരുത്താൽ. ബാക്കി വരുന്ന 40ശതമാനം പേർക്ക് കൂടി ഹെൽത്ത് കാർഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനം വരെ അനുവദിച്ചത്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടുന്നത്.
സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് വേണമെന്നാണ് ആരോഗ്യ വകുപ്പിൻറെ നിർദ്ദേശം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ഹെൽത്ത് കാർഡ് പരിശോധിക്കും. ജീവനക്കാരുടെ ആരോഗ്യസ്ഥിതി, ത്വക്ക് രോഗങ്ങൾ, കാഴ്ച ശക്തി, ശരീരത്തിലെ വൃണം, മുറിവ് എന്നിവയിൽ പരിശോധന നടത്തണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ എന്നും നോക്കും, പകർച്ചാവ്യാധികൾക്കായി രക്തപരിശോധനയും നടത്തേണ്ടതുണ്ട്. ഡോക്ടറുടെ സീലും ഒപ്പും അടങ്ങുന്ന ഹെൽത്ത് കാർഡിന് ഒരു വർഷമായിരിക്കും കാലാവധി. ജീവനക്കാരുടെ ഹെൽത്ത് കാർഡ് സ്ഥാപനത്തിൽ സൂക്ഷിക്കണം.