പത്തനംതിട്ട : അലഞ്ഞുനടന്ന മാനസികാസ്വാസ്ഥ്യമുള്ള വയോധികയ്ക്ക് രക്ഷകരായി പിങ്ക് പോലീസ്. ഇന്നലെ വൈകിട്ട് 5.30 ന് പത്തനംതിട്ട കൺട്രോൾ റൂമിന്റെ പട്രോളിംഗ് വാഹനത്തിൽ നിന്നും അറിയിച്ചതനുസരിച്ച് കുമ്പഴ കളീക്കൽപടിയിൽ കണ്ടെത്തിയ രത്നമ്മ എന്നയാളെയാണ് പിങ്ക് പോലീസ്, മകൻ വിനോദിനെ ഏൽപ്പിച്ചത്. പരസ്പരവിരുദ്ധമായി സംസാരിച്ച ഇവർക്ക് മാനസികബുദ്ധിമുട്ട് ഉള്ളതായി മനസ്സിലാക്കിയ പോലീസ് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ ശ്രമിക്കുകയും, ഫോട്ടോ എടുത്ത് വാർഡ് മെമ്പർമാർക്കും കൗൺസിലർമാർക്കും അയച്ചുകൊടുക്കുകയും ചെയ്തു.
കൂടാതെ, മറ്റ് പലവിധ അന്വേഷണങ്ങൾ നടത്തിയതിനെതുടർന്ന്, രത്നമ്മയുടെ നാല് മക്കളിൽ ഒരാളായ വിനോദിനെ കണ്ടെത്തി ഏൽപ്പിക്കുകയായിരുന്നു. താഴെ വെട്ടിപ്രം പുതുപ്പറമ്പിൽ നിര്യാതനായ ഗോപാലകൃഷ്ണൻ ആചാരിയുടെ ഭാര്യയായ രത്നമ്മയ്ക്ക് നാലുമക്കളാണ് ഉള്ളത്. രണ്ട് പെണ്മക്കൾ കട്ടപ്പനയിലും വിനോദ്, മനോജ് എന്നിവർ താഴെ വെട്ടിപ്രത്തും താമസിക്കുന്നതായി പോലീസ് കണ്ടെത്തി. എ എസ് ഐ സ്മിത രാജി, എസ് സി പി ഓ ബീന ജി നായർ എന്നിവരടങ്ങിയ സംഘമാണ് വയോധികയെ മകന് ഏൽപ്പിച്ചുകൊടുത്തത്.