റാന്നി : പ്രകൃതിയുടെ വന്യ സൗന്ദര്യം അപ്പാടെ ആവാഹിച്ചു വച്ചിരിക്കുന്ന പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ബൃഹത്തായ ടൂറിസം പദ്ധതിക്ക് വഴിയൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിട സമുച്ചയത്തിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുകയാണ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് താമസിച്ച് അരുവിയുടെ സൗന്ദര്യം നുകരാം എന്നതാണ് പ്രത്യേകത.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ രണ്ട് കോടി രൂപയുടെ പ്രവര്‍ത്തികളാണ് ഡിറ്റിപിസി മുഖേന ആധുനികവല്‍ക്കരണത്തിനായി നിര്‍വഹിച്ചത്. ആഡംബര സൗകര്യങ്ങളോടു കൂടിയ താമസമുറി, ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍, ഇഷ്ടവിഭവങ്ങള്‍ വിളമ്പാന്‍ ചൈനീസ് – കോണ്ടിനെന്റല്‍ -ഇന്ത്യന്‍ റസ്റ്റോറന്റ് എല്ലാം ഇവിടെ ലഭ്യമാക്കുകയാണ്. കെട്ടിടത്തിന്റെ ഓരോ ഭാഗത്തുനിന്നും പെരുന്തേനരുവി വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കത്തക്ക വിധത്തിലാണ് തയാറാക്കിയിരിക്കുന്നത്. അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പെരുന്തേനരുവി, മണിയാര്‍, ഗവി എന്നിവയെ കൂട്ടിയിണക്കി വിശാലമായ ടൂറിസം പദ്ധതി തയാറാക്കുമെന്നും എംഎല്‍എ പറഞ്ഞു.
പെരുന്തേനരുവിക്ക് ഇനി പുതിയ മുഖം: അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ
Advertisements