വിശാഖപട്ടണം: ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് ഇനി അത്യാധുനിക കടൽക്കരുത്ത് സ്വന്തം. രാജ്യത്തിന്റെ ആഭ്യന്തര സേനയുടെ കരുത്ത് ഇരട്ടിയായി വർദ്ധിപ്പിക്കുന്ന പടക്കപ്പൽ നീരണിഞ്ഞു. രാജ്യത്തിന്റെ സമുദ്ര സുരക്ഷാ രംഗത്ത് വൻ കുതിപ്പു നൽകുന്ന അത്യാധുനിക പടക്കപ്പലായ ഐ എൻ എസ് വിശാഖപട്ടണം പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ്ങാണ് നാവികസേനയ്ക്ക് സമർപ്പിച്ചത്.
ചടങ്ങിൽ നാവികസേനാ മേധാവി മുഖ്യാതിഥിയായിരുന്നു. ഐഎൻഎസ് വിശാഖപട്ടണം കമ്മീഷൻ ചെയ്തതോടെ അത്യാധുനിക യുദ്ധ കപ്പലുകൾ രൂപകൽപന ചെയ്യാനും നിർമ്മിക്കാനും കഴിവുള്ള പ്രമുഖ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം പിടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട കപ്പലാണ് ഐ എൻ എസ് വിശാഖപട്ടണം. ഡിസ്ട്രോയർ വിഭാഗത്തിൽ നാവികസേനയുടെ പക്കലുള്ള കപ്പലുകളിൽ വച്ച് ഏറ്റവും വലുതെന്ന വിശേഷണവും ഇനി ഐ എൻ എസ് വിശാഖപട്ടണത്തിന് സ്വന്തമാണ്. 163 മീറ്റർ നീളവും 7,400 ടണ്ണിലധികം ഭാരവുമുണ്ട്. ഈ കപ്പലിന്റെ 75 ശതമാനത്തോളം ഭാഗങ്ങൾ ഇന്ത്യൻ നിർമിതമാണ്.
സൂപ്പർസോണിക് ഉപരിതല-ഉപരിതല, ഭൂതല-വിമാന മിസൈലുകൾ, ഇടത്തരം, ഹ്രസ്വദൂര തോക്കുകൾ, അന്തർവാഹിനികൾ തകർക്കാൻ കഴിയുന്ന റോക്കറ്റുകൾ, നൂതന ഇലക്ട്രോണിക് യുദ്ധ, ആശയവിനിമയ സ്യൂട്ടുകൾ എന്നിവയുൾപ്പെടെ നിരവധി അത്യാന്താധുനിക സൗകര്യങ്ങളാണ് ഐഎൻഎസ് വിശാഖപട്ടണത്തിലുള്ളത്. 30 നോട്ടുകളിൽ കൂടുതൽ വേഗത കൈവരിക്കാനുള്ള കഴിയും കപ്പലിനുണ്ട്.
അത്യാധുനിക ഡിജിറ്റൽ നെറ്റ്വർക്കുകൾ, കോംബാറ്റ് മാനേജ്മെന്റ് സിസ്റ്റം, ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റം എന്നിവയും ഐ എൻ എസ് വിശാഖപട്ടണത്തിന്റെ പ്രത്യേകതയാണ് .