തിരുവനന്തപുരം: ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗമാണെന്നും ആകാശിന് മറുപടി പറയേണ്ടതില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമൂഹ മാധ്യമങ്ങളിൽ ആകാശ് എന്ത് പറഞ്ഞാലും വാ തുറക്കരുതെന്ന് സി.പി.എം. അണികൾക്ക് പാർട്ടി നിർദേശം. അതേസമയം ഡി.വൈ.എഫ്.ഐ. വനിതാ നേതാവിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും ആകാശിനെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.
‘പ്രദേശത്ത് ഏതോ ഒരു ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരാളെ പറ്റി എന്ത് പ്രതികരിക്കാനാണ്. ഒന്നും പ്രതികരിക്കാനില്ല. പാർട്ടിക്ക് തന്നെ കൃത്യമായി കൈകാര്യം ചെയ്യാൻ അറിയാം. ഏതെങ്കിലും ആൾ അവിടെയും ഇവിടെയും പറഞ്ഞാൽ പ്രതികരിക്കാൻ നടക്കണോ? അതെല്ലാം പ്രാദേശികമായിട്ടുള്ള കാര്യമായിട്ടെടുത്താൽ മതി’ എം.വി. ഗോവിന്ദൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്വട്ടേഷൻ രാജാവാണ് ആകാശ് തില്ലങ്കേരി എന്ന് കഴിഞ്ഞ ദിവസം എം.വി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ വാർത്താ സമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനൽ സംഘത്തിൽ പ്രവർത്തിക്കുന്നയാളാണ് ആകാശ് തില്ലങ്കേരി എന്ന് വ്യക്തമാക്കിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയത്.
അതേസമയം, സത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ ആകാശിനെതിരെ ജാമ്യമില്ലാ കേസാണ് എടുത്തിരിക്കുന്നത്. ഇയാൾ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം ഫേസ്ബുക്കിൽ നിരന്തരം പോസ്റ്റുകളും കമന്റുകളുമായി ആകാശ് സജീവമാണ്. കേസിൽ പ്രതികളായ ആകാശിന്റെ സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിൽ സജീവമാണ്.