കോട്ടയം: കോട്ടയം നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ ഇടതു മുന്നണി കൊണ്ടു വന്ന അവിശ്വാസ പ്രമേയം തിങ്കളാഴ്ച ചർച്ചയ്‌ക്കെടുക്കാനിരിക്കെ നിലപാട് എടുക്കാതെ ബിജെപി. നാളെ രാവിലെ പത്തു മണിയ്ക്കു അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കെയാണ് ഇതുവരെയും ബിജെപി വിഷയത്തിൽ നിലപാട് എടുക്കാത്തത്. യുഡിഎഫ് , കോൺഗ്രസ് കൗൺസിലർമാർ ചർച്ചയിൽ പങ്കെടുക്കാതെ വിട്ടു നിൽക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ബിജെപി കൂടി വിട്ടു നിന്നാൽ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കാനാവാത്ത സാഹചര്യം ഉണ്ടാകും.
52 അംഗ കോട്ടയം നഗരസഭയിൽ 27 അംഗങ്ങളുണ്ടെങ്കിൽ മാത്രമേ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാൻ സാധിക്കൂ. നിലവിൽ 22 അംഗങ്ങളുടെ പിൻതുണയാണ് എൽഡിഎഫിന് ഉള്ളത്. എട്ട് അംഗങ്ങളാണ് ബിജെപിയ്ക്കുള്ളത്. 22 അംഗങ്ങളുള്ള എൽഡിഎഫും, എട്ട് അംഗങ്ങളുള്ള ബിജെപിയും കൗൺസിൽ ഹാളിൽ ഹാജരായാൽ സ്വാഭാവികമായും അവിശ്വാസ പ്രമേയം പാസാവും. 20 അംഗങ്ങളുള്ള കോൺഗ്രസ് തങ്ങളുടെ അംഗങ്ങൾക്ക് അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ വിപ്പ് നൽകിയിട്ടുണ്ട്. സ്വതന്ത്ര അംഗമായ നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യന് വിപ്പ് നൽകാനാവില്ലെന്നും, ഇവർ പങ്കെടുക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ കോൺഗ്രസിന്റെ വിപ്പ് കൈപ്പറ്റാതെ പ്രതിഷേധവുമായി ആറ് അംഗങ്ങൾ രംഗത്ത് എത്തി. ബിജെപിയ്ക്കും, സിപിഎമ്മിനും ഫണ്ട് വീതം വയ്പ്പിൽ പ്രാതിനിധ്യം നൽകുമ്പോൾ തങ്ങളെ അവഗണിക്കുന്നതായാണ് കോൺഗ്രസ് അംഗങ്ങളുടെ പരാതി. ഇതോടെയാണ് ഇവർ വിപ്പ് കൈപ്പറ്റാതെ പ്രതിഷേധിച്ചത്. ഏതായാലും രാവിലെ ബിജെപി വിഷയത്തിൽ നിലപാട് സ്വീകരിക്കുന്നത് അനുസരിച്ചിരിക്കും അവിശ്വാസ പ്രമേയത്തിന്റെ ഭാവി.