തിരുവല്ല: തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ തിരുവുത്സവത്തിന് മുന്നോടിയായി പന്തീരായിരം ഘോഷയാത്ര നടന്നു. തുകലശ്ശേരി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നിന്നും വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി നൂറ് കണക്കിന് ഭക്തർ ഘോഷയാത്രയായി ചേര്‍ന്ന് ശ്രീവല്ലഭ ക്ഷേത്രത്തില്‍ എത്തി ചേര്‍ന്നു. തുടര്‍ന്ന് 75-ല്‍ അധികം ബാഹ്മണ പുരോഹിതര്‍ ചേര്‍ന്ന് പടറ്റിപഴം ഒരുക്കി ദേവന് നിവേദിച്ചു. ശേഷം ഭക്തര്‍ക്ക് പ്രസാദ വിതരണം നടന്നു.
23 ന് ഉത്സവത്തിന് കൊടിയേറും. വൈകിട്ട് 6.13 നും 6.40 നും മദ്ധ്യേ തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നി ശര്‍മ്മന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. കൊടിയേറ്റാന്‍ ഭക്തന്‍ വഴിപാടായി സമര്‍പ്പിച്ച കവുങ്ങ് മരം നാളെ രാവിലെ 7.30ന് വൃക്ഷപൂജ നടത്തി പ്രകൃതിയോടും പക്ഷി മൃഗാദികളോടും അനുവാദം വാങ്ങി ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എത്തിയ്ക്കും. വൈകിട്ട് 6.30 ന് കലാപരിപാടികളുടെ ഉദ്ഘാടനം കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വ്വഹിക്കും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം എം മോഹനന്‍ നായര്‍ മംഗലശ്ശേരില്‍ അദ്ധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്ത ഗോപന്‍ മുഖ്യ പ്രഭാഷണം നടത്തും. ചലച്ചിത്ര താരം മാളികപ്പുറം ഫെയിം ദേവനന്ദ വിശിഷ്ടാതിഥിയായി പങ്കെടുക്കും.