സുബി ഇനിയില്ലെന്ന് ചിന്തിക്കാൻ ആകുന്നില്ലെന്നും മരണം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചുവെന്നും നടൻ സുരേഷ് ഗോപി. സുബിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വളരെ വേഗത്തിലാക്കാൻ സുരേഷ് ഗോപി ഇടപെട്ടിരുന്നു.
”കൽപ്പനയ്ക്ക് ഒരു അനുജത്തി ആരാണെന്ന് ചോദിച്ചാൽ, ഒരു കലാകാരി എന്ന നിലയിൽ മൂന്ന് നാല് പേരുകളിലൊരാളായി ഞാൻ സുബിയുടെ പേര് പറയും. ഒരു തീരാനഷ്ടമെന്നോ അകാലത്തിലോ എന്ന് പറയുന്നതിനപ്പുറം സുബി ഇനിയില്ലെന്ന് ചിന്തിക്കാനാകുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വളരെ ഊർജ്ജസ്വലമായി ജോലി ചെയ്ത് സ്വന്തം കുടുംബത്തെ കഷ്ടപ്പാടുകളിൽ നിന്ന് കരകയറ്റി നല്ല ജീവിത നിലവാരത്തിലേക്ക് കൊണ്ടു വന്നയാളാണ് സുബി. താൻ ചെയ്യുന്ന ജോലി കൃത്യമായി ചെയ്യുമായിരുന്നു. വളരെ ചെറിയ കുഞ്ഞുങ്ങളുമായുള്ള ടെലിവിഷൻ പരിപാടികളൊക്കെ ശ്രദ്ധനേടിയിരുന്നു. കലാലോകത്തിന് ഇനിയും സുബിയിൽ നിന്ന് ഒരുപാട് സംഭാവനകൾ ലഭിക്കേണ്ടിയിരുന്നു. പ്രകടനത്തിന്റെയും പ്രതിഭയുടെ കാര്യത്തിലും മാതൃകയാക്കേണ്ട കലാകാരിയായിരുന്നു സുബി എന്നും അദ്ദേഹം പറഞ്ഞു.
സുബിയുടെ മരണം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു. അതിന് ഒരുപാട് സുമനസ്സുകൾ കൂടെ നിന്നു. എറണാകുളം കളക്ടടർ രേണു രാജ്, ടിനി ടോം, ഗിന്നസ് പക്രു, നാദിർഷ അങ്ങനെ മിമിക്രി ലോകത്തെ ഒരുപാടാളുകൾ ഒപ്പമുണ്ടായിരുന്നു”- സുരേഷ് ഗോപി പറഞ്ഞു.
ഇരുപത് ദിവസത്തോളമായി സുബി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ചയോട് കൂടി പൂർത്തിയാക്കിയപ്പോഴേക്കും ആരോഗ്യ സ്ഥിതി മോശമായി. വൃക്കയിൽ അണുബാധയുണ്ടായി, മറ്റു അവയവങ്ങളിലേക്കും അത് പടർന്നു. അതിനിടെ രക്തസമ്മർദ്ദം കൂടി. ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയത്. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്.
സ്റ്റേജ് ഷോകളിൽ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷൻ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.
രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.