കൊച്ചി: രണ്ടു പതിറ്റാണ്ടായി മലയാളികളുടെ സ്വീകരണ മുറിയിൽ ചിരി വിടർത്തിയ നടിയും അവതാരകയുമായ സുബി സുരേഷ് ഇനി ഓർമ്മ. ശവ സംസ്കാരം ചേരാനെല്ലൂർ ശാന്തി വനം പൊതുശ്മശാനത്തിൽ നടന്നു. ആയിരക്കണക്കിന് ആളുകളാണ് പ്രിയ നടിയെ ഒരു നോക്ക് കാണാനായി വീട്ടിലേക്കും, പുത്തൻപള്ളി ഓഡിറ്റോറിയത്തിലേക്കും രാവിലെ മുതൽ ഒഴുകിയെത്തിയത്.
ഇന്ന് രാവിലെ എട്ടുമണിയോടെ സുബിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. ബന്ധുക്കളും സഹപ്രവർത്തകര അടക്കം ധാരാളം ആളുകൾ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്നാണ് മൃതദേഹം വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചത്. പൊതുദർശനം അഞ്ചു മണിക്കൂറോളം നീണ്ടു നിന്നു. തുടർന്ന് മതപരമായ ചടങ്ങുകൾക്കുശേഷമാണ് സുബിയുടെ മൃതദേഹം പൊതുശ്മശാനത്തിൽ എത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു സുബി സുരേഷിന്റെ അന്ത്യം. കരൾ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ചയോട് കൂടി പൂർത്തിയാക്കിയപ്പോഴേക്കും ആരോഗ്യ സ്ഥിതി മോശമായി. വൃക്കയിൽ അണുബാധയുണ്ടായി, മറ്റു അവയവങ്ങളിലേക്കും അത് പടർന്നു. അതിനിടെ രക്തസമ്മർദ്ദം കൂടി. ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയത്. പിന്നീട് ഹൃദയാഘാതവും ഉണ്ടായതോടെ സുബി മരണത്തിന് കീഴടങ്ങിയായിരുന്നു.
സ്റ്റേജ് ഷോകളിൽ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷൻ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം സുബിക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്ത ഒരു പരിപാടിയായിരുന്നു.
രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ സുബി ജനിച്ചത്. തൃപ്പൂണിത്തുറ സർക്കാർ സ്കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾകാലത്തു തന്നെ നർത്തകിയായി പേരെടുത്തിരുന്നു. കലോത്സവങ്ങളിൽ സജീവമായിരുന്നു. ബ്രേക്ക് ഡാൻസ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളിൽ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.