കോട്ടയം : എസ് ബി ഐ മാനേജ്മെന്റ് കേരളാ സർക്കിളിൽ നടപ്പിലാക്കിയ എം പി എസ് എഫ് വിപണന പദ്ധതി പിൻവലിക്കുക, റിക്രൂട്ട്മെന്റ് നടത്തുക, ഇടപാടുകർക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കുക, പുറംകരാർ വൽക്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ടി.എസ്.ബി.ഇ.എ (എ ഐ.ബി.ഇ.എ ) യുടെ നേതൃത്വത്തിൽ ജീവനക്കാർ നാളെ കേരളാ സർക്കിളിൽ പണിമുടക്കുകയാണ്.
എം പി എസ് എഫ് വിപണന പദ്ധതിയുടെ ഭാഗമായി ബാങ്ക് ശാഖകളിൽ പണിയെടുക്കുന്ന ജീവനക്കാരെ മാർക്കറ്റിംഗിനായി പുറത്ത് ഇറക്കുകയും താൻമൂലം ശാഖകളിൽ മതിയായ ജീവനക്കാർ ഇല്ലാത്ത അവസ്ഥയും ഉണ്ടായിരിക്കുകയാണ്. ബ്രാഞ്ചുകളിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് മൂലം ബാങ്ക് ഇടപാടുകളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. നിലവിലുള്ള ഒഴിവുകളിൽ നിയമനം നടത്താത്തത് മൂലം ഇപ്പോൾ തന്നെ ബാങ്കിംഗ് സേവനങ്ങൾ ഇടപാടുകാർക്ക് നൽകാൻ പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം എസ്ബിഐ ടൗൺ ബ്രാഞ്ചിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം എ കെ ബി ഇ എഫ് കോട്ടയം ജില്ലാ സെക്രട്ടറി ഹരിശങ്കർ എസ് ഉദ്ഘാടനം ചെയ്തു. കെ ബി ഇ എഫ് കോട്ടയം ജില്ലാ ചെയർമാൻ സ.സന്തോഷ് സെബാസ്റ്റ്യൻ , കെ ബി ഇ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അഖിൽ ദിനേശ്, ടി എസ് ബി ഇ എ റീജണൽ സെക്രട്ടറി ആർ.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പാലാ റീജണൽ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം ഡബ്യൂ സി സി ജില്ല ചെയർമാൻ പി. എന് സ് രവീന്ദ്രനാഥൻ ഉദ്ഘാടനം ചെയ്തു. കെ ബി ഇ എഫ് ജില്ലാ വൈസ് ചെയർമാൻ വിജയ് വി.ജോർജ്, ടി എസ് ബി ഇ എ അസി. സെക്രട്ടറി സ. ജോർജി ഫിലിപ്പ്, ടിഎസ്ബിഇഎ കേന്ദ്ര കമ്മിറ്റി അംഗം നസീമ പി.ജെ, റീജിയണൽ സെക്രട്ടറി ശ്രീജിത്ത് യുകെ, എകെബിഇഎഫ് ടൗൺ കമ്മിറ്റി ചെയർമാൻ ശങ്കർ ആർ തുടങ്ങിയവർ സംസാരിച്ചു. പണിമുടക്ക് ദിവസമായ ഫെബ്രുവരി 24ന് ജീവനക്കാർ പ്രകടനവും പ്രതിഷേധ ധർണയും സംഘടിപ്പിക്കും.