വൈക്കം: അഷ്ടമി ഉത്സത്തിന്റെ പ്രധാന ചടങ്ങായ ഋഷഭ വാഹനം എഴുന്നള്ളിപ്പ് നടന്നു. എഴുന്നള്ളിപ്പ് ദര്‍ശിക്കാന്‍ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. വൈക്കത്തപ്പന് ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നുവെന്നാണ് വിശ്വാസം. നാലടിയിലധികം ഉയരമുള്ള വെള്ളിയില്‍ നിര്‍മിച്ച കാളയുടെ പുറത്ത് വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം, പട്ടുടയാടകള്‍, കട്ടിമാലകള്‍ എന്നിവ കൊണ്ടലങ്കരിച്ച് തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലത്തെ മൂസതുമാരുടെ നേതൃത്വത്തില്‍ നാല്പതില്പരം മൂസതുമാര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂര്‍ത്തിയാക്കി. നാദസ്വരം, പരുക്ഷ വാദ്യം, പഞ്ചാരിമേളം, ചെണ്ടമേളം, ഘട്ടിയം എന്നീ വാദ്യങ്ങള്‍ ഉപയോഗിച്ചാണ് എഴുന്നള്ളിപ്പ് നടത്തിയത്. സ്വര്‍ണക്കുടകളും മുത്തുക്കുടകളും അകമ്പടിയായി.
അഷ്ടമിയുടെ പ്രധാന ചടങ്ങായ മൂന്നാമത്തെ ഉത്സവബലി എട്ടാം ഉത്സവ ദിനമായ ചൊവ്വാഴ്ച (23-11-2021) ഉച്ചക്ക് 12ന് നടക്കും. തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട് മാധവന് നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കത്തഷ്ടമിയുടെ വിശേഷാല്‍ ചടങ്ങുകള്‍ക്കായി കാലാക്കല്‍ വല്യച്ചന്റെ ഉടവാള് ഏറ്റുവാങ്ങുന്ന ചടങ്ങ് ചൊവ്വാഴ്ച (23.11.2021) രാവിലെ ഒന്‍പതിന് നടക്കും. ആചാരപ്രകാരം വിശേഷാല്‍ പൂജകള്‍ക്കുശേഷം ഏറ്റുവാങ്ങിയ ഉടവാള് ആര്‍ഭാടപൂര്‍വം ക്ഷേത്രത്തിലെക്ക് എഴുന്നളളിക്കും. വൈക്കം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ട് പുറത്തു പോകുന്ന അവസരത്തില്‍ കാലാക്കല്‍ വല്യച്ചന്റെ ഉടവാളുമായി ഒരാള്‍ അകമ്പടി സേവിക്കുക പതിവാണ്.
വൈക്കത്തഷ്ടമി ചൊവ്വാഴ്ച (23.11.2021)
രാവിലെ എട്ടിന് ശ്രീബലി
ഉച്ചക്ക് 12ന് ഉത്സവബലി ദര്‍ശനം
വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി
പുലര്‍ച്ചെ നാലിന് വിളക്ക്, വടക്കും ചേരിമേല്‍ എഴുന്നള്ളിപ്പ്.