പത്തനംതിട്ട : ജനങ്ങളുടെ നാലില്‍ ഒന്ന് വയോജനങ്ങള്‍ ഉള്ളതു കണക്കിലെടുത്ത് ഇവരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിന് സമഗ്രമായ ഇടപെടല്‍ നടത്തുന്നതിന് സമ്പൂര്‍ണ വയോജന സൗഹൃദ ജില്ല പദ്ധതി നടപ്പാക്കുന്നതിന് തീരുമാനമായി. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും കിലയുടെയും സഹകരണത്തോടെ ചരല്‍ക്കുന്നില്‍ നടന്ന മൂന്നു ദിവസത്തെ നിര്‍വഹണ പരിശീലന ശില്പശാലയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ഇതിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ പ്രായാധിക്യത്താല്‍ സംരക്ഷണവും സഹായവും ആവശ്യമായ വയോജനങ്ങള്‍ക്ക് ഉറപ്പാക്കും. ഇവരുടെ മാനസിക ഉല്ലാസത്തിനും കൂടിച്ചേരലുകള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കും.
ഇവരുടെ പരിചയ സമ്പത്തും കഴിവുകളും സാമൂഹിക ഉന്നമനത്തിനായി പ്രയോജനപ്പെടുത്തും. വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. എല്ലാ വാര്‍ഡുകളിലും വയോ ക്ലബുകള്‍ രൂപീകരിക്കും. വായനശാല, അംഗനവാടി, ആല്‍ത്തറ തുടങ്ങിയവയെ വയോധികര്‍ക്ക് ഒത്തുചേരാനുള്ള ഇടമാക്കും. ആശ, അംഗനവാടി, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പദ്ധതിയില്‍ പങ്കാളികളാക്കും.
പൊതുപ്രവര്‍ത്തനത്തിനും സേവനത്തിനും തല്‍പരരായ വയോജനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ടാലന്റ് ബാങ്ക് രൂപീകരിക്കും. ഇവരുടെ വൈദഗ്ധ്യം പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന വിധം കര്‍മ്മ പദ്ധതി തയാറാക്കും.
വയോജനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കും. ആശുപത്രിയില്‍ പോകുമ്പോള്‍ ഇവരെ അനുഗമിക്കുന്നതിന് സഹായം ലഭ്യമാക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരുടെ കാഴ്ച, കേള്‍വി, ദന്ത സംരക്ഷണം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കും.
സമ്പൂര്‍ണ പാലിയേറ്റീവ് ജില്ല എന്ന മികവിന്റെ ഭാഗമായി ആഴ്ചയില്‍ ഒരിക്കല്‍ വയോജനങ്ങള്‍ക്ക് ഹോം കെയര്‍ സേവനം ലഭ്യമാക്കും. കെയര്‍ ഗിവര്‍/ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി വയോജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിന് സജ്ജമാക്കും. ഇഷ്ടഭക്ഷണം വയോജനങ്ങള്‍ക്ക് ലഭ്യമാക്കും. മാനസികാരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പാക്കും. ജില്ലാതലത്തിലും ബ്ലോക്ക്തലത്തിലും കൗണ്‍സിലിംഗ് സെന്ററുകള്‍ തുടങ്ങും.
പ്രവാസികളുടെ ആവശ്യം അനുസരിച്ച് അവരുടെ മാതാപിതാക്കള്‍ക്ക് ഡയറ്റ് ഫുഡ് എത്തിച്ചു നല്‍കുന്നതിന് സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കും. കിടപ്പുരോഗികള്‍ക്ക് ആവശ്യമെങ്കില്‍ സൗജന്യ ഭക്ഷണം ലഭ്യമാക്കുന്നതിന് കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങും. അര്‍ഹരായ എല്ലാ വയോജനങ്ങളുടെയും സാമ്പത്തിക സുരക്ഷിതത്വം കണക്കിലെടുത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കും. ജില്ലയിലെ പൊതു ഇടങ്ങള്‍, വീടുകള്‍ എന്നിവ വയോജന സൗഹൃദമാക്കുന്നത് ഉറപ്പാക്കും. വീടുകളില്‍ ഹാന്‍ഡ് റെയില്‍, ആന്റി സ്ലിപ്പറി മാറ്റ്, റാമ്പ് എന്നിവ സജ്ജമാക്കുന്നത് പ്രോത്സാഹിപ്പിക്കും.