കോട്ടയം: കാത്തിരിപ്പിന് വിരാമമിട്ട് തന്റെ 28 ആം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കി വിരാട് കോഹ്ലി. ടെസ്റ്റിലെ സെഞ്ച്വറി വരൾച്ചയ്ക്ക് അറുതിയിട്ടാണ് വിരാട് തന്റെ 28 ആം സെഞ്ച്വറിയും, ആസ്ട്രേലിയയ്ക്കെതിരായ എട്ടാം സെഞ്ച്വറിയും പൂർത്തിയാക്കിയത്. 243 പന്തിൽ നിന്നാണ് കോഹ്ലിയുെ സെഞ്ച്വറി. ഇതോടെ ആസ്ട്രേലിയയ്ക്കെതിരെ എട്ട് സെഞ്ച്വറി പൂർത്തിയാക്കി കോഹ്ലി , സെഞ്ച്വറി നേട്ടത്തിൽ ഗവാസ്കർക്കൊപ്പമെത്തി. 20 ടെസ്റ്റ് ഇന്നിംങ്സിൽ നിന്നാണ് ഗവാസ്കർ എട്ട് സെഞ്ച്വറി നേടിയത്. ഈ നേട്ടത്തിലെത്താൻ കോഹ്ലിയ്ക്ക് 24 ഇന്നിംങ്സ് വേണ്ടി വന്നു. 11 സെഞ്ച്വറി നേടിയ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറാണ് ഓസ്ട്രേലിയയ്ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യക്കാരൻ.
ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ബാറ്റിംങ് തുടരുന്ന ഇന്ത്യയെ തന്റെ സെഞ്ച്വറിയുടെ മികവിൽ കോഹ്ലി നാനൂറ് കടത്തിയിട്ടുണ്ട്. 2019 നവംബറിൽ തന്റെ 27 ആം ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയ വിരാട് കോഹ്ലി, മൂന്നു വർഷത്തിന് ശേഷമാണ് ഇപ്പോൾ ഒരു ടെസ്റ്റിൽ സെഞ്ച്വറി സ്വന്തമാക്കുന്നത്. ലയോണിനെ ഫോർവേർഡ് സ്വയറിലേയ്ക്ക് ക്ലിപ്പ് ചെയ്തു വിട്ടാണ് കോഹ്ലി ഒടുവിൽ തന്റെ ടെസ്റ്റിലെ സെഞ്ച്വറി വരൾച്ചയ്ക്ക് അറുതി വരുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടെസ്റ്റിന്റെ നാലാം ദിവസം ബാറ്റിംങ് തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യം തന്നെ ജഡേജയെ നഷ്ടമായി. നാലാം ദിനം 289 മൂന്ന് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംങ് പുനരാരംഭിച്ചത്. 59 റണ്ണുമായി വിരാട് കോഹ്ലിയും, 16 റണ്ണുമായി രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസിൽ. ഇന്നലത്തെ സ്കോറിനോട് 12 റൺ കൂടി കൂട്ടിച്ചേർത്ത ജഡേജ മടങ്ങി. മർഫിയെ രണ്ടു തവണ കടന്നാക്രമിച്ച ജഡേജ, സമാന ഷോട്ടിന് വീണ്ടും ശ്രമിച്ച് ഖവാജയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പിന്നാലെ, എത്തിയ കെ.എസ് ഭരത് കോഹ്ലിയ്ക്കു മികച്ച പിൻതുണയാണ് നൽകിയത്. 88 പന്തിൽ 44 റണ്ണെടുത്ത ഭരത് കോഹ്ലിയുടെ സെഞ്ച്വറിയ്ക്കു കാത്തു നിൽക്കാതെ മടങ്ങി. ഒടുവിൽ 17 പന്തിൽ ആറ് റണ്ണെടുത്ത അക്സർ പട്ടേലാണ് സെഞ്ച്വറി പൂർത്തിയാക്കിയ കോഹ്ലിയ്ക്കു കൂട്ടു നിൽക്കുന്നത്.
ഒടുവിൽ വിവരം കിട്ടുമ്പോൾ 253 പന്തിൽ നിന്നും കോഹ്ലി 110 റണ്ണെടുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യ 411 റൺ നേടിയിട്ടുണ്ട്. ആസ്ട്രേലിയൻ സ്കോറിനെക്കാൾ 69 റൺ പിന്നിലാണ് ഇന്ത്യ.