ലണ്ടൻ: ഫുൾഹാമിന്റെ സ്വന്തം മൈതാനത്ത് ആക്രമിച്ചു കളിച്ച ആഴ്സണലിനു മുന്നിൽ ഫുൾഹാമിന് മറുപടിയുണ്ടായിരുന്നില്ല. എതിരില്ലാത്ത മൂന്നു ഗോളുകളാണ് ആഴ്സണൽ ഫുൾഹാമിന്റെ വലയിൽ എത്തിച്ചത്. ഇതോടെ മാഞ്ചസ്റ്റർ സിറ്റിയ്ക്കെതിരെ പോയിന്റ് പട്ടികയിൽ ആഴ്സണലിന് അഞ്ചു പോയിന്റിന്റെ വ്യക്തമായ ലീഡുമായി.
ഫുൾഹാമിന്റെ സ്വന്തം മൈതാനത്തിറങ്ങിയ ആഴ്സണൽ 21 ആം മിനിറ്റിൽ തന്നെ ഗോൾ നേടി ലീഡെടുത്തു. ഗബ്രിയേൽ മാഗ്നസാണ് ആഴ്സണലിന് വേണ്ടി ഗോൾ നേടിയത്. 26 ആം മിനിറ്റിൽ മാർട്ടിനെല്ലി ലീഡ് ഉയർത്തി. ഇൻജ്വറി ടൈമിന്റെ രണ്ടാം മിനിറ്റിൽ , ആദ്യ പകുതിയുടെ വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുൻപ് മാർട്ടിൻ ഡെഗ്രാഡ് ഗോൾ പട്ടിക പൂർത്തിയാക്കി. ഇതോടെ 27 കളികളിൽ നിന്നും ആഴ്സണലിന് 66 പോയിന്റായി. കഴിഞ്ഞ മത്സരം ക്രിസ്റ്റൽ പാലസിനെതിരെ വിജയിച്ചെങ്കിലും ആഴ്സണലുമായുള്ള പോയിന്റ് വ്യത്യാസം ഇതോടെ അഞ്ചായി തന്നെ സിറ്റിയ്ക്ക് നിലനിൽക്കും.
ഞായറാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും, സതാംപ്ടണും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ 34 ആം മിനിറ്റിൽ കാസെമിറോ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതിനാൽ ഭൂരിഭാഗം സമയവും പത്തു പേരുമായാണ് യുണൈറ്റഡ് കളിച്ചത്. മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാമും ആസ്റ്റൺ വില്ലയും ഓരോ ഗോളടിച്ച് പിരിഞ്ഞു. 26 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ ബെൻ റാഹ്മ വെസ്റ്റ് ഹാമിനായി ഗോൾ നേടിയപ്പോൾ, 17 ആം മിനിറ്റിൽ ഒല്ലീ വാറ്റ്കിൻസാണ് ആസ്റ്റൺ വില്ലയ്ക്കായി ഗോൾ മടക്കിയത്.