പത്തനംതിട്ട : വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കോമളം പാലത്തിന്റെ സ്ഥലത്ത് സാങ്കേതിക മികവുള്ള പുതിയ പാലം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചുവെന്നും, ടെന്‍ഡറില്‍ പങ്കെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിക്ക് അവര്‍ ക്വോട്ട് ചെയ്ത അധികരിച്ച നിരക്കില്‍ പാലം പണി ഏല്‍പ്പിച്ച് നല്കുവാന് മന്ത്രിസഭയുടെ പ്രത്യേക അനുമതി ലഭ്യമായെന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. ഇനി ഈ പ്രവര്‍ത്തി നിയമക്കുരുക്കില്‍ പെടുത്തിയിടാതെ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുന്നതിന് ഏവരുടെയും പിന്തുണ എംഎല്‍എ അഭ്യര്‍ഥിച്ചു.
ഒഴുകിപ്പോയ സമീപനപാത പുനര്‍ നിര്‍മിച്ച് പഴയപാലം ഉപയോഗപ്രദമാക്കി നല്‍കണമെന്ന് എംഎല്‍എയുടെ നിയമസഭയിലെ ആവശ്യത്തോട് പ്രതികരിച്ച് ചീഫ് എന്‍ജിനീയര്‍മാരുടെ ഒരു സംഘത്തെ പൊതുമരാമത്ത് മന്ത്രി കോമളത്തേക്ക് അയച്ചിരുന്നു. സമീപന പാത പുനര്‍നിര്‍മിച്ചാലും വീണ്ടും ഒഴുകിപ്പോകുവാന്‍ എല്ലാ സാധ്യതയും ഉണ്ടെന്നും തടികളും മറ്റും വന്ന് അടിയുന്ന സാഹചര്യം ഒഴിവാക്കി വെന്‍ഡ് വേ വലുതാക്കി സബ്മേഴ്സിബിള്‍ പാലത്തിന് പകരം പുതിയപാലം നിര്‍മിക്കുക മാത്രമാണ് പോംവഴിയെന്ന് വിദഗ്ധ സംഘം വിലയിരുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ പാലം നിര്‍മാണത്തിന് 2022 ലെ ബജറ്റില്‍ മതിയായ തുക വകയിരുത്തി ടെന്‍ഡര്‍ വിളിച്ചുവെങ്കിലും രണ്ടുതവണ ആരും പങ്കെടുത്തില്ല. തുടര്‍ന്ന് മൂന്നാമത്തെ ടെന്‍ഡറില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി 23 ശതമാനം അധികരിച്ച നിരക്കില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കുകയായിരുന്നു. 10 ശതമാനത്തില്‍ കൂടുതല്‍ അധികരിച്ച നിരക്ക് ചീഫ് എന്‍ജിനീയര്‍മാരുടെ സമിതിക്ക് അംഗീകരിക്കാന്‍ ആവാത്തതിനാല്‍ സര്‍ക്കാരിന്റെ അനുമതിക്ക് അയയ്ക്കുകയായിരുന്നു. ഇന്നലെ കൂടിയ മന്ത്രിസഭായോഗം ഇതിന് അനുമതി നല്കി.
ഇതിന് മുന്‍കൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനോടും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോടും ഇടപെടലുകള്‍ നടത്തിയ എല്‍ഡിഎഫ് ജില്ലാ നേതൃത്വത്തോടും എംഎല്‍എ നന്ദി അറിയിച്ചു.