പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2023-24 വാര്‍ഷിക പദ്ധതികള്‍ ഈ മാസം 29 ന് അകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. 2023-24 വാര്‍ഷിക പദ്ധതി തയാറാക്കി സമര്‍പ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നതിനായി പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പ്രൊജക്ടുകളായ സമ്പൂര്‍ണ ശുചിത്വം, വന്യമൃഗങ്ങളില്‍ നിന്ന് കൃഷി സംരക്ഷണം, പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റ് നിര്‍മാണം തുടങ്ങിയവ അടുത്ത വര്‍ഷവും തുടരണം. ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതിയോടൊപ്പം വയോജന സൗഹൃദ പദ്ധതി കൂടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവിഷ്കരിക്കുന്നുണ്ടന്ന് അദ്ദേഹം പറഞ്ഞു.
കോന്നി, ഓമല്ലൂര്‍, റാന്നി അങ്ങാടി, മല്ലപ്പുഴശേരി, ഏറത്ത് എന്നീ ഗ്രാമപഞ്ചായത്തുകളുടെ 2023-24 വാര്‍ഷിക പദ്ധതിക്ക് യോഗം അംഗീകാരം നല്കി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ഡിപിസി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.