തിരുവല്ല : ഓതറ പുതുക്കുളങ്ങര വലിയ പടയണിക്ക് ഇന്ന് രാത്രി 7.30 ന് തുടക്കമാകും. തിങ്കൾ വൈകിട്ട് വെറ്റപുകയില സമർപ്പണത്തോടെയാണ് വലിയ പടയണി ആരംഭിക്കുന്നത്. ക്ഷേത്ര നടയിൽ ഗജമണ്ഡപത്തിൽ ഭദ്രദീപം കൊളുത്തിയ ശേഷം അവിടെയാണ് ഭക്തർ വെറ്റപുകയില സമർപ്പിക്കുന്നത്. വെറ്റില, പാക്ക്, ദ്രവ്യം എന്നിവയാണ് വഴിപാട് നടത്തുന്ന ഭക്തർ സമർപ്പിക്കുന്നത്. വഴിപാട് നടത്തുന്ന ഭക്തർ കോലങ്ങൾ റജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പേര് റജിസ്റ്റർ ചെയ്ത ശേഷം നറുക്കെടുപ്പിലൂടെ വഴിപാടിന്റെ ക്രമം നിശ്ചയിക്കും. തുടർന്ന് തൻകര വരവ് എന്ന ചടങ്ങ് നടക്കും. ക്ഷേത്രം സ്ഥിതി ചെയ്യുന്ന കരയാണ് തൻകര.
വഞ്ചിപ്പാട്ട് ക്ഷേത്രത്തിന് വലം വെച്ച് തൻ കരവരവ് അവസാനിച്ച ശേഷം പുലവൃത്തത്തോടെ പടയണിക്കളത്തിൽ ചുവടുവയ്ക്കാൻ ആരംഭിക്കും. 24 മുതൽ കാലൻകോലം വഴിപാടുകൾ ആരംഭിക്കും. ഇന്ന് മുതൽ 22 വരെ പഞ്ചകോലങ്ങളും 23 ന് പഞ്ചകോലത്തിനൊപ്പം ഭൈരവിയും കാലയക്ഷിയും കളത്തിലെത്തും.
കേരള ഫോക്ലോർ അക്കാദമി ചെയർമാൻ ഒ. എസ്. ഉണ്ണിക്കൃഷ്ണൻ വലിയ പടയണിക്ക് തുടക്കം കുറിച്ച് ഇന്ന് 8 ന് ഭദ്രദീപം തെളിയിക്കും.
മാർച്ച് രണ്ട് മുതൽ ആരംഭിച്ച 28 ദിവസം ദൈർഘ്യമുള്ള പടയണിയിൽ ആദ്യത്തെ 18 ദിവസം ചൂട്ട് പടയണിയും അവസാനത്തെ പത്ത് ദിവസം വലിയ പടയണിയുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാർച്ച് 29 ന് തിരുവാതിര നാളിൽ വൈകിട്ട് ആരംഭിക്കുന്ന പടയണി ചടങ്ങുകൾ 30 ന് പുലർച്ചെ മഹാഭൈരവി കോലത്തിന്റെ വരവോടെയാണ് സമാപിക്കുന്നത്.
പടയണി തുള്ളൽ കലാകാരന്മാർ വിവിധ പടയണി കലാലയങ്ങളിൽ പടയണിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. കോലമെഴുത്ത് കലാകാരന്മാരും പ്രകൃതിവർണങ്ങളൊരുക്കി പടയണിക്കായുള്ള കാത്തിരിപ്പിലാണ്. പാളയുടെ ലഭ്യത ഉറപ്പാക്കുന്നതിനായുള്ള തീവ്ര ശ്രമത്തിലാണ് സംഘാടക സമിതി. ദൂരെ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ പാള ശേഖരിച്ചു വരികയാണ്.
പടയണിയുടെ സമാപന ദിവസം മാത്രം മൂവായിരത്തോളം പാള വേണ്ടി വരുമെന്നാണ് കണക്കാകുന്നത്. വഴിപാടു കോലങ്ങളുടെ എണ്ണത്തിനനുസരിച്ച് കമുകിൻ പാളയുടെ കൂടുതൽ ലഭ്യത വേണ്ടി വരും.