ചണ്ഡീഗഢ്: ഖലിസ്താന്‍ വാദിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാല്‍ സിങ്ങിനെ കണ്ടെത്താനുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നു.
പോലീസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ അമൃത്പാല്‍ ഒളിവില്‍ കഴിയാന്‍ വേഷം മാറിയിട്ടുണ്ടാകുമെന്ന സംശയത്തെത്തുടര്‍ന്ന് വിവിധ രൂപത്തിലുള്ള പ്രതിയുടെ ഏഴ് ചിത്രങ്ങള്‍ പഞ്ചാബ് പോലീസ് പുറത്തുവിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിയെ കണ്ടെത്താന്‍ ജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടത്.
ശനിയാഴ്ച മുതല്‍ അമൃത്പാലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെങ്കിലും പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.
അതേസമയം അമൃത്പാല്‍ ഇതിനോടകം പഞ്ചാബ് വിട്ടിട്ടുണ്ടാകുമെന്നും പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇയാളുടെ വസ്ത്രങ്ങളും കാറും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്. അമൃത്പാല്‍ രാജ്യം വിട്ടേക്കുമെന്ന സൂചനയെത്തുടര്‍ന്ന് ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഉത്തരാഖണ്ഡ് പോലീസും നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
രഹസ്യാന്വേഷണ വിഭാഗവും കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്.
ബെന്‍സ് ഉള്‍പ്പെടെയുള്ള നാല് കാറുകളിലും മോട്ടോര്‍ സൈക്കിളിലുമായാണ് ശനിയാഴ്ച പോലീസിനെ വെട്ടിച്ച് അമൃത്പാല്‍ കടന്നുകളഞ്ഞത്. ജലന്ധര്‍ -മോഗ റോഡില്‍ സ്ഥാപിച്ച പോലീസ് ബാരിക്കേഡ് തകര്‍ത്ത് രക്ഷപ്പെട്ട സംഘം തുടര്‍ന്ന് വാഹനങ്ങള്‍ മാറിമാറിക്കയറിയാണ് സഞ്ചരിച്ചത്.
അമൃത്പാല്‍ ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്നതിന്റെയും കാര്‍ വഴിയില്‍ ഉപേക്ഷിച്ച് വസ്ത്രം മാറി മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കണ്ടെടുത്തു. ഇതില്‍ ആയുധങ്ങളുമുണ്ടായിരുന്നു.
അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനുപിന്നാലെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. സംസ്ഥാനത്തും ഹിമാചല്‍ പ്രദേശുമായുള്ള അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കി . രക്ഷപ്പെടാന്‍ സഹായിച്ചെന്ന് കരുതുന്ന അമൃത് പാലിന്റെ 100ലേറെ അനുയായികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അമൃത്പാലിന്റെ അമ്മാവന് ഹര്‍ജിത് സിങ് ഉള്‍പ്പെടെ മൂന്ന് അനുയായികളെ അസമിലെ ദിബ്രുഗഢിലുള്ള അതിസുരക്ഷാ ജയിലിലെത്തിച്ചു. അനുയായികളില്‍ നിന്നും ഒട്ടേറെ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.