പത്തനംതിട്ട : ഗണേഷ്, കൂൾ, ഹാൻസ് ഇനങ്ങളിൽപ്പെട്ട നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി മൂന്നുപേർ അറസ്റ്റിൽ. അടൂർ മണക്കാല സർവോദയം ജംഗ്ഷനിലെ കടയിൽ നിന്നും വീട്ടിൽ നിന്നുമാണ് 717 പാക്കറ്റ് പിടികൂടിയത്. മണക്കാല തൂവയൂർ നോർത്ത് ചാങ്ങീലെത്ത് വീട്ടിൽ ഭാസ്കരന്റെ മകൻ ബിജു (48), ഉഷാകുമാരി (50), ഉഷാകുമാരിയുടെ മകൾ അഞ്ജന (23) എന്നിവരെയാണ് ഡാൻസാഫ് സംഘവും അടൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്. കടയിലും, രണ്ടും മൂന്നും പ്രതികൾ താമസിക്കുന്ന ചാങ്ങീലെത്ത് വീട്ടിലും വില്പനക്കായി സംഭരിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന് കൈമാറിയതിനെതുടർന്ന് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് പത്തനംതിട്ട പോലീസുമായി ചേർന്ന് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. ജില്ലയിൽ ഇത്തരം റെയ്ഡുകൾ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് അറിയിച്ചു. അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ എസ് ഐ മനീഷ് എം, ഡാൻസാഫ് എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഓമാരായ സുജിത്, മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ, അടൂർ പോലീസ് സ്റ്റേഷനിലെ എ എസ് ഐ അജിത്, സി പി ഓമാരായ അനീഷ്, സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.