കോട്ടയം: സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കടപ്പൂർ കുരിശുപള്ളി ഭാഗത്ത് മാവറ വീട്ടിൽ അരുൺ രാജൻ (33) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വാഹനത്തിൽ വിൽപ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ വാടകയ്ക്ക് എടുത്ത വീട്ടിൽ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
ഇവിടെ നിന്നും 1750 പാക്കറ്റ് ഹാൻസും,108 പാക്കറ്റ് സ്കൂൾ ലിപ്പും പോലീസ് കണ്ടെടുത്തു.സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് കടകളിൽ വിൽപ്പന നടത്തുന്നതിനുവേണ്ടി ഇയാൾ ഇത് സൂക്ഷിച്ചിരുന്നത്. കടകളിൽ ചോക്ലേറ്റും മറ്റ് മിഠായി ഉൽപ്പന്നങ്ങളും വില്പന നടത്തിയിരുന്ന ഇയാൾ ഇതിന്റെ മറവിലാണ് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നത്. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ വിദ്യ വി, പ്രദീപ് കുമാർ, സി.പി.ഓ മാരായ സിജു എം കെ, അരുൺകുമാർ, രഞ്ജിത്ത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി.