ആ പെൺകുട്ടിയ്ക്ക് നീതി ലഭിച്ചില്ല; ഇന്നസെൻ്റ് ആ സമയത്ത് മൌനമായിരുന്നു; മരണത്തിലും പ്രതിഷേധം തുടരും; മറക്കാനോ പൊറുക്കാനോ കഴിയില്ല; തുറന്നടിച്ച് ദീദി ദാമോദരൻ 

കൊച്ചി: അന്തരിച്ച നടന്‍ ഇന്നസെന്റിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ സിനിമാ ലോകം. മമ്മൂട്ടി, ദിലീപ്, ജയറാം തുടങ്ങിയവര്‍ ഇന്നലെ തന്നെ ആശുപത്രിയില്‍ എത്തിയിരുന്നു. ഇന്നസെന്റുമായുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് സഹപ്രവര്‍ത്തകര്‍. ഇന്നസെന്റുമായുള്ള മനോഹര ഓര്‍മ്മകള്‍ പങ്കുവെച്ച ദീദി ദാമോദരന്റെ ചില വാക്കുകള്‍ ശ്രദ്ധേയമാകുന്നു. കാന്‍സര്‍ വാര്‍ഡില്‍ വേദനിക്കുന്നവരുടെ പിടിവള്ളിയായി മാറി ഹൃദയം നുറുങ്ങുന്ന ആ ചിരി. അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ലെന്ന് ദീദി പറയുന്നു.

Advertisements

സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ ഇന്നസെന്റ്നെ പോലൊരാള്‍ ഉണ്ടായിട്ടും അവള്‍ക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ലെന്നും അത് പ്രതിഷേധാര്‍ഹമായിരുന്നുവെന്നും ദീദി ദാമോദരന്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ബുദത്തേക്കാള്‍ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധിയെന്നും ആ സാഹചര്യത്തില്‍ ഇന്നസെന്റ് നിശബ്ദനായെന്നും ദീദി ഓര്‍മിപ്പിക്കുന്നു. വിഷയത്തില്‍, ഇന്നസെന്റിന്റെ മൗനത്തല്‍ തനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ലെന്നും അവര്‍ തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദീദി ദാമോദരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പണ്ടു തൊട്ടേ മിക്ക മലയാളികളെയും പോലെ എന്‍്റെയും ഇഷ്ട നടനായിരുന്നു ഇന്നസെന്‍്റ് .

സിനിമ ശ്രദ്ധിക്കാന്‍ തുടങ്ങിയ കാലത്ത് ‘ ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ‘ നിര്‍മ്മിച്ച ആള്‍ എന്ന ആദരവും തോന്നി.

എന്റെ വിവാഹത്തിന് വീട്ടില്‍ വന്ന് ആശിര്‍വദിക്കാനെത്തിയ അച്ഛന്റെ സുഹൃത്തുക്കളില്‍ അദ്ദേഹവും ഉണ്ടായിരുന്നു .

പിന്നെ അമ്മ പോയപ്പോള്‍ റീത്തുമായി ആദരവര്‍പ്പിക്കാനെത്തി അച്ഛനെ ആശ്വസിപ്പിക്കാന്‍ ഒപ്പമിരുന്നിരുന്നു .

അമ്മക്ക് പിറകെ അച്ഛനും പോയപ്പോള്‍ ഞങ്ങളെ ആശ്വസിപ്പിക്കാനും അദ്ദേഹം വീട്ടിലെത്തി .

അച്ഛന്റെ ആവനാഴി , അദ്വൈതം , തുടങ്ങി അവസാനം എഴുതിയ യെസ് യുവര്‍ ഓണര്‍ വരെ നിരവധി സിനിമകളില്‍ ഓര്‍മ്മിക്കത്തക്ക വേഷങ്ങള്‍ ചെയ്ത നടനായും ഇന്നസെന്റ് ഓര്‍മ്മയിലുണ്ട്.

എന്നാല്‍ അതൊന്നുമായിരുന്നില്ല വ്യക്തിപരമായ ഓര്‍മ്മ .

അതൊരു വേദനയുടെ ചിരിയാണ് .

കാന്‍സറിനെ രണ്ടു തവണ തോല്പിച്ച ചിരി.

അതാണ് ഞങ്ങളെ കൂട്ടിയിണക്കിയ കണ്ണി.

അവിടെ ഞാനായിരുന്നു ആദ്യമെത്തിയത് .

ഇന്നസെന്റ് പിറകെയെത്തി.

ചിരി നിലച്ച ഇടമായിരുന്നു അത്.

അടക്കിപ്പിടിച്ച കരച്ചിലിന്റെ മുഴക്കങ്ങളില്‍ ചിരിയുടെ ഓര്‍മ്മ പോലും എത്തി നോക്കാന്‍ ഭയന്ന അവിടേക്ക് ചിരി കടത്തിക്കൊണ്ടുവന്നു ഇന്നസെന്റ് .

‘കാന്‍സര്‍ വാര്‍ഡിലെ

ചിരി ‘ ആ കടത്തലിന്റെ ബാക്കിപത്രമാണ് . ഇന്നസെന്റിന്റെ മാത്രമല്ല, അര്‍ബുദം ജീവിതത്തില്‍ ഇരുട്ടു പരത്തിയ ഓരോരുത്തരുടെയും കണ്ണീരും കിനാവും ആ പുസ്തകത്തിലുണ്ട് –

എല്ലാം തികഞ്ഞു എന്ന് കരുതി നില്‍ക്കുന്ന നിമിഷത്തിലേക്ക് എല്ലാം റദ്ദാക്കിക്കൊണ്ട് കടന്നുവരുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്.

എന്നാല്‍ അതിനെ അതിജീവനത്തിന്റെ ചിരിയാക്കി മാറ്റി ഇന്നസെന്റ്.

അതൊരു ആയുധമായിരുന്നു .

മരുന്നിനേക്കാള്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പ്രാപ്തമാക്കുന്ന ശക്തി.

ഒരു ദിവസമെങ്കില്‍ ഒരു ദിവസം , ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം , അതെത്രയും പ്രിയപ്പെട്ടതാണ് , കരഞ്ഞു കൊണ്ടിരിക്കാനുള്ളതല്ല എന്ന സന്ദേശം.

ഞങ്ങളെ കൂട്ടിയിണക്കിയ ഒരു കണ്ണി കൂടിയുണ്ട്.

അമേരിക്കയിലെ പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോക്ടര്‍ ജെയിം ബ്രഹാം .

കാന്‍സര്‍ ജീവിതത്തിന്റെ അവസാനമല്ല എന്ന് പഠിപ്പിച്ച ഞങ്ങളുടെ പ്രിയ ഡോക്ടര്‍.

ഇന്നസെന്റ് രോഗം നേരിടുന്ന വേളയില്‍ അദ്ദേഹത്തെ വിളിച്ചു സംസാരിക്കണം എന്ന് എന്നെ ഉപദേശിച്ചത് ജെയിമാണ് .

വിളിച്ചപ്പോള്‍ അച്ഛന്റെ മകള്‍ എന്ന വിലാസമൊന്നും വേണ്ടി വന്നില്ല.

നേരത്തെ കാന്‍സര്‍ നേരിട്ട ഒരാളോടെന്ന ആദരവോടെ തുടങ്ങിയ അദ്ദേഹത്തിന്റെ സംസാരം പിന്നെ മറക്കാനാവാത്ത ചിരിയുടെ നിരവധി പാഠങ്ങള്‍ പകര്‍ന്നു തന്നാണ് അവസാനിച്ചത്.

ആ ഫോണ്‍ വിളികള്‍ തുടര്‍ന്നു.

ഞാനെന്തിന് ഇത് മറച്ചുവയ്ക്കണം , ഞാനിത് ആരുടെ കയ്യില്‍ നിന്നും കട്ടോണ്ടു പോന്നതൊന്നുമല്ലല്ലോ എന്ന ആ ചിരി പുസ്തകമായപ്പോള്‍ അദ്ദേഹം അറീയിച്ചു.

സ്നേഹത്തോടെ ക്ഷണിച്ചപ്പോള്‍ ഞാനും മാതൃഭൂമിയുടെ പ്രകാശനവേദി പങ്കിട്ടു. അതിജീവനപ്പോരാട്ടത്തിന്റെ വഴിയിലെ സഖാക്കളായിരുന്നു അപ്പോള്‍ ഞങ്ങള്‍ .

കാന്‍സര്‍ വാര്‍ഡില്‍ വേദനിക്കുന്നവരുടെ പിടിവള്ളിയായി മാറി ഹൃദയം നുറുങ്ങുന്ന ആ ചിരി.

അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ല.

സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ ഇന്നസെന്റ്നെ പോലൊരാള്‍ ഉണ്ടായിട്ടും അവള്‍ക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ല.

അത് പ്രതിഷേധാര്‍ഹമായിരുന്നു.

ദുരവസ്ഥകളില്‍ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല.

അര്‍ബുദത്തേക്കാള്‍ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി .

അവിടെ ഇന്നസെന്റ് നിശബ്ദനായി.

അതിലെനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല.

മരണം പകരുന്ന വേദനയുടെയും വേര്‍പാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല.

ആ ഇന്നസെന്റിന് മാപ്പില്ല.

ആ കൂടെനില്‍ക്കായ്ക ചിരിയ്ക്ക് വക നല്‍ക്കുന്നതല്ല.

കാന്‍സര്‍ വാര്‍ഡിലെ ചിരിയായി മാറിയ ഓര്‍മ്മയിലെ സ്നേഹനിധിയായ ഇന്നസെന്റിന് ,

പ്രിയ സഖാവിന് വിട .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.