തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡെന്റിസ്റ്റിനെതിരെ കേസെടുത്ത സംഭവത്തിൽ ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന വാർത്തയ്‌ക്കെതിരെ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ രംഗത്ത്. സർക്കാർ ആശുപത്രിയിൽ നടന്ന സംഭവത്തിൽ പ്രൈവറ്റ് ഡെന്റൽ ക്ലിനിക്കിലാണ് നടന്നത് എന്നു വാർത്ത നൽകിയ വിഷയത്തിലാണ് പ്രതിഷേധവുമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ രംഗത്ത് എത്തിയത്. ഡെന്റൽ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ വീഴ്ചയുടെ പേരിൽ നേമം പൊലീസാണ്, പത്തൊൻപതുകാരിയുടെ പരാതിയിൽ കേസെടുത്തത്. എന്നാൽ, ഇത് പ്രൈവറ്റ് ആശുപത്രിയിലാണ് എന്ന രീതിയിലാണ് ടൈംസ് ഓഫ് ഇന്ത്യയിൽ വാർത്ത വന്നത്.
ഇതിനെതിരെയാണ് ഇപ്പോൾ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ രംഗത്ത് എത്തിയിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ മാത്രമാണ് ഇത്തരം ശസ്ത്രക്രിയകൾ നടക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ പരാതി ഉയരാനിടയായ ശസ്ത്രക്രിയ നടന്നത് സർക്കാർ ആശുപത്രിയിലാണ്. എന്നാൽ, സ്വകാര്യ ആശുപത്രിയിൽ ഇത്തരം ശസ്ത്രക്രിയ നടന്നതായും വീഴ്ച സംഭവിച്ചതായുമുള്ള വാദം , സ്വകാര്യ ഡെന്റൽ ക്ലിനിക്കുകളെ ദോഷകരമായി ബാധിക്കുമെന്നു അസോസിയേഷൻ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ വാർത്തയിലുള്ള ഡെന്റൽ അസോസിയേഷന്റെ വിശദീകരണം അടക്കം പ്രസിദ്ധീകരിക്കണമെന്നും അസോസിയേഷൻ ടൈംസ് ഓഫ് ഇന്ത്യയോട് ആവശ്യപ്പെടുന്നു.