എടത്വ: തൊഴിലുറപ്പ് തൊഴിലാളികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നട്ടുവളര്‍ത്തിയ റാഗി കൃഷിയുടെ വിളവെടുപ്പ് നടന്നു. രാജേശ്വരി ലാല്‍കുമാറിന്റെ നേത്യുത്വത്തില്‍ തലവടി ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ 30 അംഗങ്ങള്‍ ഉള്‍പ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളാണ് പരീക്ഷണാടിസ്ഥാനത്തില്‍ റാഗി കൃഷി ആരംഭിച്ചത്. കുട്ടനാട്ടില്‍ അപൂര്‍വ്വമായി കാണുന്ന റാഗിയുടെ വിത്ത് മുംബൈയില്‍ നിന്നാണ് എത്തിച്ചത്. കുട്ടനാട്ടിലെ മണ്ണില്‍ റാഗി വളരുമോയെന്ന് സംശയം തോന്നിയെങ്കിലും വിത്ത് കിളിര്‍ക്കാന്‍ തുടങ്ങിയതോടെ തൊഴിലാളികള്‍ കൃഷി ആരംഭിക്കുകയായിരുന്നു. കേരളത്തിലെ ചിന്നാര്‍ വനത്തില്‍ റാഗി വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും കുട്ടനാട്ടില്‍ അപൂര്‍വമാണ്.
നിലക്കടല, ബന്ദി തുടങ്ങിയവ കൃഷി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ ആദ്യ പരീക്ഷണമാണ് റാഗി കൃഷി. ജൈവ വള പ്രയോഗത്തിലൂടാണ് കൃഷി ചെയ്തത്. ഷുഗര്‍ രോഗികള്‍ക്ക് ഫലപ്രദമായ റാഗിയില്‍ ഇരുമ്പ് കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. പരിക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച കൃഷി വിളവെടുപ്പിന് ശേഷം കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിപ്പിക്കാനാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ തീരുമാനം. റാഗിയുടെ വിളവെടുപ്പ് തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഗ്രാമപഞ്ചായത്തംഗം കലാമധു, ജോയിന്റ് ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ ഷാജിമോന്‍ റ്റി., വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ സ്മിത, അജയ്, 805-ാം സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റ് എബ്രഹാം കരിമ്പില്‍, കെ.പി. ലാല്‍കുമാര്‍, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ എം.ആര്‍. നിതീഷ്‌കുമാര്‍, ആശ സന്തോഷ്, സുഗതമ്മ, രാജിമോള്‍, രഞ്ചുദാസ് എന്നിവര്‍ പങ്കെടുത്തു.