“ഏറ്റവും ഫെറോഷ്യസായി പന്തെറിയുന്ന പേസർ ചേട്ടന്റെ അഭിപ്രായത്തിലാരാണ്?ബ്രെറ്റ് ലീ?അതോ ഷൊയബ് അക്തറോ?”
ഇൻബോക്സിൽ ഈയിടെ വന്ന ഒരു അഭിപ്രായമാരായലായിരുന്നു.ഞാൻ ഓർമ്മകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി.മറവിയുടെ മേഘങ്ങൾക്കിടയിൽ നിന്ന് അപ്പോഴൊരു വെള്ളിടി വെട്ടി.അതിന്റെ പ്രകാശത്തിൽ ഞാനൊരു ബൗളിംഗ് സ്പെൽ കണ്ടു.അവിടെ തങ്ങളുടെ പ്രൈം ഫോമിൽ കളിക്കുന്ന ഒരു ഡൊമിനേറ്റിംഗ് ടോപ് ഓർഡർ ബാറ്റിംഗ് യൂണിറ്റ് വേഗത്തിന്റെയും,സ്വിംഗിന്റെയും അശനിപാതങ്ങളിലേറ്റവും മാരകമായതൊന്നേറ്റ് കത്തിക്കരിഞ്ഞു നിൽക്കുന്നതു കാണാം.ആ ടോപ് ഓർഡറിലെ ആദ്യ അഞ്ചു പേർ ആരൊക്കെയായിരുന്നെന്നോ?മാത്യു ഹെയ്ഡൻ,ആഡം ഗിൽക്രിസ്റ്റ്,റിക്കി പോണ്ടിംഗ്,ഡാമിയൻ മാർട്ടിൻ,ബ്രാഡ് ഹോഗ്.സ്കോർ കാർഡിൽ അഞ്ചു പേർക്കു നേരെയും ഒരു ബൗളറുടെ പേരായിരുന്നു.ബോണ്ട്,ഷെയ്ൻ ബോണ്ട്.അഞ്ചു ടോപ് ഓർഡർ ബാറ്റർമാരെ വെറുതെ പുറത്താക്കുകയായിരുന്നില്ല അന്നയാൾ.അക്ഷരാർത്ഥത്തിൽ ഈയഞ്ചു പേരും അയാളുടെ പേസിനു മുന്നിൽ വിറങ്ങലിച്ചു പോയിരുന്നു.ബാക്ക് ഫുട്ട് ഡിഫൻസിനു ശ്രമിച്ച് എൽ ബി ഡബ്ള്യുവിൽ കുരുങ്ങിയും,ഡ്രൈവിനു ശ്രമിച്ച് കീപ്പർക്ക് ക്യാച്ച് കൊടുത്തും ഒരു പേസർക്കു മുന്നിൽ എങ്ങനെയൊക്കെ പരാജയപ്പെടാമോ അങ്ങനെയൊക്കെയും പരാജയപ്പെടുകയായിരുന്നു അവരന്ന്.ഒരോസീസ് ടോപ് ഓർഡറിനെ ബോണ്ട് അതാദ്യമായിട്ടായിരുന്നില്ല കീറിമുറിച്ചിരുന്നതും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി ട്വന്റി ക്രിക്കറ്റ് മാത്രമല്ല ഏകദിന ക്രിക്കറ്റിലെ പവർ പ്ലേ നിയമങ്ങളും വരുന്നതിനു മുൻപെയാണ് ഷെയ്ൻ ബോണ്ട് ഇന്റർനാഷണൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.ആദ്യ മത്സരം ആസ്ട്രേല്യക്കെതിരെയായിരുന്നു.പോണ്ടിംഗ്,വാട്സൺ,ഹസ്സി എന്നീ മൂവരുടേതായിരുന്നു അയാൾ സ്വന്തമാക്കിയ ആദ്യ മൂന്നുവിക്കറ്റുകൾ.അവിടന്നങ്ങോട്ട് വൈറ്റ് ബോളിലായാലും,റെഡ് ബോളിലായാലും അയാൾ എതിർ ബാറ്റിംഗ് നിരയെ അപാരമായ വേഗതയാലും,കൃത്യതയാലും ഭീതിയുടെ മുൾമുനയിൽ നിർത്തിപ്പോന്നു.അയാൾക്കെതിരെ ആത്മവിശ്വാസത്തോടെ ബാറ്റേന്തുന്നത് ഏതൊരു ബാറ്റർക്കും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.
2002 ൽ തന്റെ കന്നി ടെസ്റ്റിൽ പന്തെറിയാനെത്തുന്ന ഷെയ്ൻ ബോണ്ടിനെ ഞാനൊരിക്കലും മറക്കില്ല.മിഷൻ ഇംപോസിബിളിലെ ടോം ക്രൂയിസിനെ അനുസ്മരിപ്പിക്കുന്ന ശരീരപ്രകൃതിയും,റണ്ണപ്പിലൊഴുകി നീങ്ങുന്ന ആ സിൽക്കി തലമുടിയും അക്ഷരാർത്ഥത്തിൽ ഒരു ഹോളിവുഡ് ആക്ഷൻ ഹീറോയെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.പുകൾ പെറ്റ ഇന്ത്യൻ ബാറ്റിംഗ് നിരയൊന്നാകെ ആ ചെറുപ്പക്കാരനു മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുന്ന കാഴ്ച്ചയാണ് പിന്നീട് വെല്ലിങ്ടൺ കണ്ടത്.തൊട്ടുമുമ്പത്തെ ഇംഗ്ലീഷ് പര്യടനത്തിൽ ദേദിക്കപ്പെടാനാവാത്തതെന്നു തോന്നിപ്പിച്ച രാഹുൽ ദ്രാവിഡിന്റെ ക്ലാസിക്കൽ ഡിഫൻസിനെ ഒരു സ്കോർച്ചിംഗ് യോർക്കറിലൂടെ ബോണ്ട് ഭേദിക്കുന്നുണ്ട്.തിളക്കം നഷ്ടപ്പെടാത്ത പന്ത് ബാറ്ററുടെ വില്ലോയേയും മറികടന്ന് സ്റ്റമ്പ്സിനെ കടപുഴക്കുന്ന നിമിഷം,ടിമ്പറിൽ പന്തു കൊള്ളുന്ന ശബ്ദം.ദ്രാവിഡ് മാത്രമല്ല,ലക്ഷ്മണും,ഗാംഗുലിയും,സെവാഗുമെല്ലാം അന്ന് ബോണ്ടിനു മുന്നിൽ നിരായുധരായി.
ഫാസ്റ്റ് ബൗളർമാർക്കിടയിൽ പുതിയൊരു സൂപ്പർസ്റ്റാർ ജനിക്കുകയായിരുന്നു.പന്ത് റിലീസ് ചെയ്യുന്ന സമയത്തുള്ള അയാളുടെആർച്ചിങ് ബാക്ക് ക്രിക്കറ്റിലെ ഏറ്റവും സുന്ദരമായ ദൃശ്യങ്ങളിലൊന്നായി മാറി .ക്രിക്കറ്റിലെ ഏറ്റവും ക്ലീനായ ബൗളിങ്ങ് ആക്ഷനുകളിലൊന്നായിരുന്നു അയാളുടേത്.അതേ സമയം ഇഞ്ച്വറി പ്രോണായ അയാളുടെ ശരീരം അയാൾ പ്രസരിപ്പിക്കാനാഗ്രഹിച്ച റോ പേസിനെ തളർത്താൻ ശ്രമിച്ചു.പക്ഷേ ബോണ്ടൊരിക്കലും തന്റെ സ്വാഭാവികമായ കേളീശൈലിയ്ക്ക് മാറ്റം വരുത്താൻ ആഗ്രഹിച്ചില്ല;ശ്രമിച്ചുമില്ല.ഓരോ പരിക്കിനു ശേഷവും അയാളതിനു മുമ്പുണ്ടായിരുന്ന അതേ വേഗത്തോടെയും,കൃത്യതയോടെയും ബൗൾ ചെയ്യാൻ ശ്രദ്ധിച്ചു.അതാണ് തന്റെ സിഗ്നേച്ചർ എന്ന് ബോണ്ടെല്ലായ്പ്പോഴും വിശ്വസിച്ചിരുന്നെന്ന് തോന്നുന്നു.അതുകൊണ്ടായിരിക്കണം ഒരു ബാക്ക് ഇഞ്ചുറിക്ക് ശേഷം തിരിച്ചു വന്ന ടൂർണമെന്റിൽ വേഗം കുറച്ചു പന്തെറിയണമെന്ന ഫിസിയോയുടെ ഉപദേശം ശ്രദ്ധിക്കാതെ പന്തിൽ വേഗത്തിന്റെ ഭീതി പുരട്ടി അയാൾ ബൗൾ ചെയ്തത്.ദ്രാവിഡും,സെവാഗും,യുവരാജും,ധോണിയും,കൈഫും ഉൾപ്പെട്ട ഇന്ത്യൻ ബാറ്റിംഗ് നിര അന്നയാൾക്കു മുന്നിൽ വെന്തു വെണ്ണീറായി.9 ഓവറിൽ 19 റൺസ് വഴങ്ങി 6 വിക്കറ്റ്!!ഇൻസെയ്ൻ തണ്ടർസ്റ്റോം!!!
ആൻഡ് ദെൻ ഹിസ് നെയിം വോസ് ബോണ്ട്,ഷെയ്ൻ ബോണ്ട്❤️🔥