കുറവിലങ്ങാട് :പൊരിവെയിലിൽ കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ വാട്ടർ എടിഎമ്മിനു മുന്നിലെത്തി ശുദ്ധജലം എടുക്കാം എന്നു കരുതിയാൽ നിങ്ങൾക്കു തെറ്റി. 3 വർഷം മുൻപ് 12 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച എടിഎം ഇപ്പോൾ വെറും നോക്കുകുത്തി.
ആദ്യഘട്ടത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും ചേർന്നു മുടക്കിയത് 12 ലക്ഷം. പിന്നീട് പലതവണയായി അറ്റകുറ്റപ്പണി. ഇപ്പോൾ വെള്ളം ഇല്ലാത്ത വാട്ടർ എടിഎം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഘോഷത്തോടെയായിരുന്നു തുടക്കം. 2 രൂപ നാണയം ഉപയോഗിച്ചാൽ ഒരു ലീറ്റർ ശുദ്ധജലവും 5 രൂപ നാണയം ഉപയോഗിച്ചാൽ 5 ലീറ്റർ വെള്ളവും ലഭിക്കും എന്ന ഉറപ്പ് പാലിക്കപ്പെട്ടത് ആദ്യ ഒന്നോ രണ്ടോ മാസം മാത്രം.സ്കൂൾ വിദ്യാർഥികൾക്കു സൗജന്യമായി ശുദ്ധജലം നൽകുമെന്നും ഇതിനായി സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യുമെന്നും ഉറപ്പ് നൽകിയിരുന്നു. ഒന്നും സംഭവിച്ചില്ല.
നാണയം നിക്ഷേപിക്കുന്ന 2 കൗണ്ടറുകളും കാർഡ് ഉപയോഗിക്കാവുന്ന ഒരു കൗണ്ടറും എടിഎം യന്ത്രത്തിൽ ഉണ്ട്. 6 ഘട്ടങ്ങളിലെ ശുചീകരണത്തിനു ശേഷം ലഭിക്കുന്ന ശുദ്ധജലം ആണ് നൽകിയത്. മണിക്കൂറിൽ 1000 ലീറ്റർ വെള്ളം വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. പക്ഷേ പാതിവഴിയിൽ പദ്ധതി മുടങ്ങി.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 9 ലക്ഷം രൂപയും കുറവിലങ്ങാട് പഞ്ചായത്തിന്റെ 3 ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിനു നടത്തിപ്പ് ചുമതല.
പ്രവർത്തനരഹിതമായ വാട്ടർ എടിഎം കൗണ്ടറിനു മുന്നിൽ മാലിന്യം തള്ളുന്നതും ഇപ്പോൾ പതിവായി.
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2019ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ വാട്ടര്‍ എടിഎം ഗ്രാമപഞ്ചായത്തിന് കൈമാറിയത് ആഴ്ചകള്‍ക്ക് മുന്‍പ് മാത്രമെന്ന് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി പറഞ്ഞു.തകരാറിലായ എടിഎം അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് ഗ്രാമപഞ്ചായത്താണെന്ന നിലപാട് ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രസിഡന്റ് ഇത്തരത്തില്‍ പ്രതികരിച്ചത്.
ജനകീയ ആവശ്യം പരിഗണിച്ച് വാട്ടര്‍ എടിഎം പ്രവര്പ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തിയപ്പോഴാണ് അതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ആവശ്യമായിവന്നത്. തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുന്‍പുമാത്രം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലാക്കി നടപടികള്‍ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്പില്‍ഓവര്‍ പദ്ധതിയായി വാട്ടര്‍ എടിഎം അറ്റകുറ്റപ്പണികള്‍ നടത്താനാണ് നീക്കമെന്ന് പ്രസിഡന്റ് പറയുന്നു.
2.5 ലക്ഷം രൂപ ഇതിനായി വാര്‍ഷിക പദ്ധതിയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് മിനി മത്തായി പറഞ്ഞു.
കുറഞ്ഞവിലയില്‍ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നതിനായി കാത്തിരിക്കുകയാണ് നാട്.