”ഒന്നും അവസാനിച്ചിട്ടില്ല. സഞ്ജു വിശ്വനാഥ് സാംസൺ ക്രീസിലുണ്ട്…!!”  അവനുനേരെ വാളോങ്ങരുത്! ഒരു തുള്ളി രക്തം പൊടിഞ്ഞാൽ നിങ്ങളുടെ ശിരസ്സുമായിട്ടേ സാംസൺ മടങ്ങുകയുള്ളൂ…!!! രാജസ്ഥാൻ്റെ വമ്പൻ വിജയത്തിൽ നിർണ്ണായകമായ സഞ്ജു സാംസണിനെപ്പറ്റി സന്ദീപ് ദാസ് എഴുതുന്നു 

സന്ദീപ് ദാസ്

”Left arm everything…!”

Advertisements

അഫ്ഗാനിസ്ഥാൻ സ്വദേശിയായ നൂർ അഹമ്മദ് എന്ന ബാലൻ്റെ ബോളിങ്ങ് ശൈലിയ്ക്ക് മുൻ ഇന്ത്യൻ താരമായ മുരളി കാർത്തിക് നൽകിയ വിശേഷണമാണിത്. ഗുജറാത്ത് ടൈറ്റൻസിൻ്റെ ഇംപാക്റ്റ് സബ്സ്റ്റിറ്റ്യൂട്ട് ആയിട്ടാണ് അഹമ്മദ് കളത്തിലിറങ്ങിയത്. ആ നീക്കം രാജസ്ഥാൻ്റെ ശവപ്പെട്ടിയിലുള്ള അവസാനത്തെ ആണി പോലെ തോന്നിച്ചിരുന്നു. അഹമ്മദിനെ എന്തുകൊണ്ടാണ് അങ്ങനെ വിളിച്ചത് എന്നതിന് മുരളി കാർത്തിക് വിശദീകരണം നൽകി-


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

”ആ ഇടംകൈ കൊണ്ട് എന്തുവേണമെങ്കിലും ചെയ്യാൻ അഹമ്മദിന് കഴിയും. അത്രയധികം അസ്ത്രങ്ങളാണ് അയാളുടെ ആവനാഴിയിലുള്ളത്. ക്രീസിലുള്ളവർക്ക് അഹമ്മദിൻ്റെ ബോളിംഗ് സ്റ്റൈൽ തികച്ചും അപരിചിതവുമാണ്…!”

രാജസ്ഥാൻ്റെ റിക്വയേഡ് റൺറേറ്റ് 14 എന്ന ഭയപ്പെടുത്തുന്ന അക്കത്തിലെത്തിയിരുന്നു! ഇ.എസ്.പി.എൻ ക്രിക്കിൻഫോ ഗുജറാത്ത് വിജയികളാവുമെന്ന് പ്രവചിച്ചുകഴിഞ്ഞിരുന്നു. 97.99% എന്ന മൃഗീയമായ വിജയസാദ്ധ്യതയാണ് ക്രിക്കിൻഫോ ഹാർദിക് പാണ്ഡ്യയുടെ സംഘത്തിന് നൽകിയത്!!

അഹമ്മദിൻ്റെ റോൾ മോഡലായ റഷീദ് ഖാനാണ് ആദ്യം പന്തെറിയാനെത്തിയത്. ടി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർ എന്ന പദവി വർഷങ്ങളായി തലയിലേറ്റുന്ന മാന്ത്രികൻ. രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ റഷീദ് സകലതും നശിപ്പിച്ചുകളയാനുള്ള മൂഡിലുമായിരുന്നു. പക്ഷേ റഷീദിൻ്റെ പന്തുകൾ നാലുപാടും പറക്കാൻ തുടങ്ങി! 

സിക്സ്,സിക്സ്,സിക്സ്…!!!

ക്രിക്കറ്റ് ലോകം ഒരു ഞെട്ടലോടെ ഓർമ്മിച്ചു-

”ഒന്നും അവസാനിച്ചിട്ടില്ല. സഞ്ജു വിശ്വനാഥ് സാംസൺ ക്രീസിലുണ്ട്…!!”

തോൽവി ഉറപ്പിച്ച ഘട്ടത്തിൽ എതിർടീമിൻ്റെ പ്രീമിയം ബോളറെ ചവിട്ടിക്കൂട്ടി റൺചേസ് ട്രാക്കിലാക്കുകയാണ് സഞ്ജു ചെയ്തത്! റഷീദിന് ലെങ്ത്തിൽ മില്ലീമീറ്ററുകളുടെ വീഴ്ച്ച മാത്രമേ സംഭവിച്ചുള്ളൂ. അയാളുടെ പന്തുകൾ പിച്ചിൽനിന്ന് ശരവേഗത്തിൽ കുതിച്ചുചാടുന്നുമുണ്ടായിരുന്നു. എന്നിട്ടും പറന്നെത്തിയ മൂന്ന് സിക്സറുകൾ സഞ്ജുവിൻ്റെ പ്രതിഭയുടെ വിളംബരമായിരുന്നു!

റഷീദിനുപിന്നാലെ നൂർ അഹമ്മദ് ആക്രമണത്തിനെത്തി. സഞ്ജുവിൻ്റെ ഓഫ്സ്റ്റംമ്പിനുപുറത്ത് അഹമ്മദ് ഒരു ഗൂഗ്ലി എറിഞ്ഞു. സഞ്ജു ഷോട്ട് കളിച്ചു. പന്ത് ബാറ്റിൻ്റെ മദ്ധ്യഭാഗത്ത് കൊണ്ടില്ല. ബൗണ്ടറി കാവലിന് ‘കില്ലർ മില്ലറിനെ’ നിയോഗിച്ചിട്ടുമുണ്ടായിരുന്നു. പക്ഷേ പന്ത് മില്ലറുടെ തലയ്ക്കുമുകളിലൂടെ കാണികൾക്കിടയിലെത്തി!

ഒന്ന് പകച്ച അഹമ്മദ് ഗൂഗ്ലിയ്ക്കുപകരം ലെഗ്സ്പിന്നർ തൊടുത്തുവിട്ടു. സഞ്ജു അതിനെ ഫൈൻലെഗ് ഫെൻസിലേയ്ക്ക് പറഞ്ഞയച്ചു!

സഞ്ജു വിളിച്ചുപറയുകയായിരുന്നു-

”നീ ഒരു മജീഷ്യനായിരിക്കാം അഹമ്മദ്. പക്ഷേ നീ മാജിക് പഠിച്ച സ്കൂളിലെ ഹെഡ് മാസ്റ്ററാണ് ഞാൻ…!”

അധികം വൈകാതെ സഞ്ജു പുറത്തായി. പക്ഷേ 32 പന്തുകളിൽനിന്ന് 60 റൺസ് അടിച്ചുകൂട്ടിയ സഞ്ജു വിജയത്തിനുള്ള അടിത്തറ ഒരുക്കിയിരുന്നു.  സിംഹത്തെ അതിൻ്റെ മടയിൽ വെച്ച് കൊല്ലേണ്ടത് എങ്ങനെയാണെന്ന് സഞ്ജു സ്വന്തം ടീം അംഗങ്ങൾക്ക് കാണിച്ചുകൊടുത്തിരുന്നു!

നായകൻ്റെ ബാറ്റിൽനിന്ന് ചിതറിയ തീപ്പൊരി ജുറെലും അശ്വിനും ഹെറ്റ്മയറും കെടാതെ കാത്തപ്പോൾ രാജസ്ഥാൻ ത്രസിപ്പിക്കുന്ന വിജയം നേടി! സകലരും ആവേശം കൊണ്ട് തുള്ളിച്ചാടിയപ്പോഴും സഞ്ജു സമചിത്തത കൈവെടിഞ്ഞില്ല!

‘അയ്യപ്പനും കോശിയും’ എന്ന സിനിമയിൽ പൃഥ്വിരാജ് ഒരു ഡയലോഗ് പറയുന്നുണ്ട്. ”ഗാലറി നമുക്ക് എതിരാണല്ലോടാ ഉവ്വേ…” എന്നാണ് ആ വാചകം. അക്ഷരാർത്ഥത്തിൽ അതായിരുന്നു സഞ്ജുവിൻ്റെ അവസ്ഥ!

178 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുമ്പോൾ കേവലം 4 റൺസിന് 2 വിക്കറ്റുകൾ നഷ്ടമായ രാജസ്ഥാൻ തോൽവി ഉറപ്പിച്ചതാണ്. ഗുജറാത്ത് ടീം ഹോം അഡ്വാൻ്റേജ് കൃത്യമായി ഉപയോഗിച്ചിരുന്നു. അവരുടെ ഫാസ്റ്റ് ബോളർമാരെ സഹായിക്കുന്ന പുല്ലുള്ള പിച്ചാണ് ക്യൂറേറ്റർ ഒരുക്കിയിരുന്നത്. 

പവർപ്ലേയിൽ മുഹമ്മദ് ഷമിയും ഹാർദിക് പാണ്ഡ്യയും സംഹാരരുദ്രരായി! രാജസ്ഥാൻ്റെ വിശ്വസ്തരായ ബട്ലറും ജയ്സ്വാളും കൂടാരത്തിൽ മടങ്ങിയെത്തി. അവിടെയാണ് സഞ്ജു എന്ന നായകൻ അവതരിച്ചത്! 

ഹാർദ്ദിക് പാണ്ഡ്യയ്ക്ക് ഈ പോരാട്ടം അഭിമാനപ്രശ്നമായിരുന്നു. അതുകൊണ്ട് സഞ്ജുവിനെ സ്ലെഡ്ജ് ചെയ്യാൻ അയാൾ മടി കാണിച്ചില്ല.

സഞ്ജു ബാറ്റ് ചെയ്യാനെത്തിയപ്പോൾ ഹാർദ്ദിക് രണ്ട് സ്ലിപ്പ് ഫീൽഡർമാരെ നിയോഗിച്ചു. ഷോട്ടുകൾ കണക്റ്റ് ചെയ്യുന്ന കാര്യത്തിൽ പരാജയപ്പെട്ട സഞ്ജുവിനെ ഹാർദ്ദിക് പുച്ഛിച്ചു. കോപത്തോടെ സഞ്ജുവിനുനേരെ ത്രോ പായിച്ചു. സഞ്ജു സിംഗിൾ എടുത്തപ്പോൾ ഹാർദ്ദിക് പരിഹാസപൂർവ്വം കൈയ്യടിച്ചു! 

സഞ്ജുവിനെ എങ്ങനെയെങ്കിലും പുറത്താക്കണം എന്ന പിടിവാശിയുടെ പേരിൽ ഒരു റിവ്യൂ പോലും ഹാര്‍ദ്ദിക് പാഴാക്കി! ഓവർ തീർത്ത് പോകുമ്പോഴും ഗുജറാത്ത് നായകൻ സഞ്ജുവിനെ വെല്ലുവിളിക്കുന്നുണ്ടായിരുന്നു!

ഹാർദ്ദിക് തനിച്ചായിരുന്നില്ല. സഞ്ജുവിൻ്റെ രക്തത്തിനുവേണ്ടി അലമുറയിടുകയായിരുന്ന ഒരു ലക്ഷത്തോളം വരുന്ന കാണികൾ ഹാർദ്ദിക്കിനുപുറകിലുണ്ടായിരുന്നു!

‘ഒരു വടക്കൻ വീരഗാഥ’ എന്ന ചലച്ചിത്രത്തിൽ ചന്തു ആരോമൽ ചേകവരോട് പറയുന്നുണ്ട്-

”ചേകവൻ കണക്കുതീർക്കുന്നത് പണമെറിഞ്ഞല്ല. ചുരികത്തലപ്പുകൊണ്ടാണ്…!”

അതിൻ്റെ ക്രിക്കറ്റ് പരിഭാഷയാണ് സഞ്ജു ഹാർദ്ദിക്കിനോട് ഉരുവിട്ടത്-

”ഞാൻ വാക്കുകൊണ്ടല്ല,ബാറ്റുകൊണ്ടാണ് പക വീട്ടാറുള്ളത്…!”

സഞ്ജു തനിക്കെതിരെ കളിച്ച സ്ക്വയർകട്ടും കവർഡ്രൈവും ഹാർദ്ദിക് കുറേക്കാലത്തേയ്ക്ക് മറക്കില്ല! കളി രാജസ്ഥാൻ ജയിച്ചപ്പോഴും ഹാർദ്ദിക് ചിരിക്കുകയായിരുന്നു. പക്ഷേ ചിരിയിലെ പരിഹാസം നിരാശയ്ക്ക് വഴിമാറിയിരുന്നു!

രാജസ്ഥാൻ്റെ നായകൻ്റെ പേര് സാംസൺ എന്നാണ്. മുഴുവൻ ശക്തിയും നഷ്ടപ്പെട്ട അവസ്ഥയിലും അനേകം ശത്രുക്കളെ കൊന്നൊടുക്കിയ ബൈബിളിലെ സാംസനെക്കുറിച്ച് വായിച്ചിട്ടുണ്ട്. തൂണുകളെ പപ്പടം പോലെ പൊടിച്ച,വൻ കെട്ടിടങ്ങളെ ഇടിച്ചുതകർത്ത സാംസൺ…!!

ഗുജറാത്ത് കെട്ടിപ്പൊക്കിയ അഭിമാനത്തിൻ്റെ സ്തംഭം ആധുനിക ലോകത്തിൻ്റെ സാംസൺ തകർത്ത് തരിപ്പണമാക്കിയിരിക്കുന്നു! അവനുനേരെ വാളോങ്ങരുത്! ഒരു തുള്ളി രക്തം പൊടിഞ്ഞാൽ നിങ്ങളുടെ ശിരസ്സുമായിട്ടേ സാംസൺ മടങ്ങുകയുള്ളൂ…!!!

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.