ചിന്നസ്വാമി: അവസാന ഓവർ വരെ ത്രില്ലറായി നീണ്ട മത്സരത്തിൽ ബംഗളൂരുവിനെ തോൽപ്പിച്ച് ചെന്നൈയ്ക്ക് വിജയം. അടിയും അടിയ്ക്കൊത്ത തിരിച്ചടിയും കണ്ട മത്സരത്തിൽ എട്ടു റണ്ണിനാണ് ചെന്നൈ വിജയിച്ചത്. ഒറ്റ കളിയിൽ പിറന്നത് 444 റണ്ണാണ്. ടീം സ്കോർ ഇങ്ങനെ
ചെന്നൈ – 226/6
ബംഗളൂരു – 218/8
ടോസ് നേടിയ ബംഗളൂരു ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂർണമെന്റിൽ മികച്ച ഫോം തുടരുന്ന ഋതുരാജ് ഗെയ്ദ് വാഗിനെ മൂന്നു റണ്ണിൽ പുറത്താക്കി രാജസ്ഥാൻ ബൗളർമാർ ആക്രമണം തുടങ്ങി. എന്നാൽ, രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന കോൺവോയും, രഹാനെയും ചേർന്ന് ചെന്നൈയെ ഡ്രൈവിംങ് സീറ്റിലേയ്ക്കു കൊണ്ടു പോയി. ടീം സ്കോർ 90 ൽ നിൽക്കെ 20 പന്തിൽ 37 റണ്ണെടുത്ത രഹാനെയെ ഹസരങ്ക പുറത്താക്കി. പിന്നാലെ എത്തിയ ശിവംദുബൈ അതിലും മാരക ഫോമിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
90ൽ ഒത്തു ചേർന്ന ശിവംദുബെ കോൺവേ സഖ്യം പിരിയുമ്പോൾ ടീം സ്കോർ 170 ൽ എത്തിയിരുന്നു. ഹർഷൽ പട്ടേൽ ക്ലീൻ ബൗൾ ചെയ്ത് കോൺവേയെ പുറത്താക്കിയാണ് അപകടകരമായ ഈ കൂട്ടുകെട്ട് പിരിച്ചത്. 45 പന്തിൽ ആറു വീതം സിക്സും ഫോറും പറത്തിയ കോൺവേ 83 റണ്ണെടുത്താണ് പുറത്തായത്. 27 പന്തിൽ അഞ്ചു സിക്സും രണ്ടു ഫോറും പറത്തിയ ദുബൈ പാർണെലിന്റെ പന്തിൽ കീഴടങ്ങും മുൻപ് 52 റണ്ണടിച്ചു കൂട്ടിയിരുന്നു. ഇരുവരും പുറത്തായ ശേഷം എത്തിയ അമ്പാട്ടി റായിഡു (14), മോയിൻ അലി (19), ജഡേജ (10) എന്നിവർ നടത്തിയ തകർപ്പൻ പ്രകടനമാണ് ടീമിനെ 200 കടത്തിയത്.
മറുപടി ബാറ്റിംങിന് ഇറങ്ങിയ ബംഗളൂരുവിനെ ഞെട്ടിച്ച ബൗളിംങാണ് ആദ്യ ഓവറിൽ ചെന്നൈ നടത്തിയത്. നാലു പന്ത് മാത്രം ബാറ്റ് ചെയ്ത കിങ്ങിനെ ആകാശ് സിംങ് ക്ലീൻ ബൗൾ ചെയ്യുമ്പോൾ സ്കോർ ബോർഡിൽ ആറു റൺ മാത്രമാണ് ഉണ്ടായിരുന്നത്. സ്കോർ 15 ൽ നിൽക്കെ മഹിപാൽ ലോമറോർ റണ്ണെടുക്കാതെ പുറത്തായത് അക്ഷരാർത്ഥത്തിൽ അനുഗ്രഹമായത് ആർസിബിയ്ക്കാണ്. പിന്നീട് നടന്നത് അക്ഷരാർത്ഥത്തിൽ വെടിക്കെട്ടായിരുന്നു. രണ്ടാം ഓവറിന്റെ അവസാന പന്തിൽ ഒത്തു ചേർന്ന മാക്സി – ഡുപ്ലിസി സഖ്യം നടത്തി അഴിഞ്ഞാട്ടം അക്ഷരാർത്ഥത്തിൽ ധോണിപ്പടയെ വിറപ്പിച്ചു.
പന്ത്രണ്ടാം ഓവറിൽ ഗ്ലെൻ മാക്സ് വെല്ലിനെ പുറത്താക്കി ചെന്നൈ ആശ്വാസം കണ്ടെത്തുമ്പോഴേയ്ക്കും രണ്ടു പേരും ചേർന്ന് അടിച്ചെടുത്തത് 141 റണ്ണാണ്. 36 പന്തിൽ എട്ടു സിക്സും മൂന്നു ഫോറും പറത്തിയ മാക്സി 76 റണ്ണാണ് അടിച്ചത്. തീക്ഷണയുടെ പന്തിനെ ആകാശത്തിലേയ്ക്കു മാക്സി ഉയർത്തിവിട്ടപ്പോൾ ധോണി തന്നെ ക്യാച്ചെടുക്കുകയായിരുന്നു. മാക്സിയ്ക്കു പിന്നാലെ കൂട്ടാളി ഫാഫിനെയും സമാന രീതിയിൽ തന്നെ പുറത്താക്കി. നാലു സിക്സും അഞ്ചു ഫോറും പറത്തി 33 പന്തിൽ 62 റണ്ണെടുത്ത ഫാഫിനെ മോയിൻ അലിയുടെ പന്തിൽ ധോണി തന്നെ ക്യാച്ചെടുത്തു പുറത്താക്കി.
പിന്നാലെ എത്തിയ ദിനേശ് കാർത്തിക്ക് സ്കോർ ഉയർത്താനുള്ള ശ്രമത്തിൽ തീക്ഷണയ്ക്കു ക്യാച്ച് നൽകി മടങ്ങി. 14 പന്തിൽ 28 റണ്ണായിരുന്നു സമ്പാദ്യം. തൊട്ടടുത്ത ഓവറിൽ ഷഹബാദ് അഹമ്മദിനെയും (12), തൊട്ടടുത്ത ഓവറിൽ പാർണലിനെയും (2) വീഴ്ത്തിയ ചെന്നൈ കളിയിൽ പിടിമുറുക്കി. അവസാന ഓവറിൽ ബംഗളൂരുവിന് വിജയിക്കാൻ വേണ്ടത് 19 റണ്ണായിരുന്നു. പന്തെറിയാൻ എത്തിയത് ഇംപാക്ട് പ്ലെയർ മതീഷ പരിതന, മറുവശത്ത് ഹസരങ്ക. ഓവറിലെ മൂന്നാം പന്ത് സിക്സ് പറത്തി പ്രഭുദേശായി ബംഗളൂരിന് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ, രണ്ടു പന്തിൽ നിന്ന് 11 റൺ വേണ്ടപ്പോൾ ബംഗളൂരുവിന് എടുക്കാനായത് രണ്ടു റൺ മാത്രം.