തിരുവല്ല : കോടതിയിൽ ജാമ്യം നിന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രണ്ട് പേർക്ക് വെട്ടേറ്റു. ഓതറ മുള്ളിപ്പാറ കോളനിയിൽ അരുൺ ചന്ദ്രൻ, സുനിൽ നിവാസിൽ സുനിൽ ജോൺ എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
സംഭവത്തിൽ പുള്ളിപ്പാറ കോളനിയിൽ ശ്രീകുമാർ പ്രദീപ്, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർ എന്നിവർക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു. അരുൺ ചന്ദ്രന്‍റെ സഹോദരൻ ബിജുവിന് വേണ്ടി ശ്രീകുമാർ തിരുവല്ല കോടതിയിൽ ജാമ്യം നിന്നിരുന്നു.
ബിജു കോടതിയിൽ ഹാജരാവാതെ വന്നതോടെ ശ്രീകുമാറിന് കോടതി വാറണ്ട് അയച്ചു. ഇതേ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റ അരുൺ ചന്ദ്രനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും സുനിൽ ജോണിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.