കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക്ക് ബ്ലോക്ക് : 24ന്
മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

കോന്നി മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്ക് ഏപ്രില്‍ 24ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും അറിയിച്ചു. കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
നാല് നിലകളിലായി 1,65,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് അക്കാദമിക്ക് ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്.

Advertisements

ആശുപത്രി കെട്ടിടത്തിനു സമീപമായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി ഒരുക്കിയിട്ടുള്ള മനോഹരമായ അക്കാദമിക്ക് ബ്ലോക്ക് മന്ദിരം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും. വിവിധ വകുപ്പുകള്‍, ക്ലാസ് മുറികള്‍, ഹാളുകള്‍, ലബോറട്ടറി, ലൈബ്രറി തുടങ്ങി കേരളത്തിലെ തന്നെ ഏറ്റവും സൗകര്യമുള്ള അക്കാദമിക്ക് ബ്ലോക്കാണ് കോന്നിയില്‍ പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനാട്ടമി, ഫിസിയോളജി, ഫാര്‍മക്കോളജി, ബയോ കെമിസ്ട്രി, പതോളജി ഡിപ്പാര്‍ട്ടുമെന്റുകള്‍ അക്കാദമിക്ക് ബ്ലോക്കില്‍ പ്രവര്‍ത്തിക്കും. പ്രിന്‍സിപ്പലിന്റെ ഓഫീസും അക്കാദമിക്ക് ബ്ലോക്കില്‍ ഉണ്ടാകും. മൂന്ന് ലക്ചര്‍ ഹാളുകളില്‍ രണ്ടെണ്ണത്തില്‍ 150 കുട്ടികള്‍ക്ക് വീതവും, ഒന്നില്‍ 200 കുട്ടികള്‍ക്കും ഇരിക്കാന്‍ സൗകര്യമുണ്ടാകും. രണ്ട് നിലകളിലായി 15,000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ലൈബ്രറി പ്രവര്‍ത്തിക്കും. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി ഒന്‍പത് സ്റ്റുഡന്റ് ലാബുകളും സജ്ജമാക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കും, പരീക്ഷാ നടത്തിപ്പിനുമായി 400 കുട്ടികള്‍ക്കിരിക്കാവുന്ന ഹാളും സജീകരിച്ചിട്ടുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായുള്ള നാഗാര്‍ജ്ജുന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മാണം നടത്തിയത്.

ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡാണ് പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്. 2020 സെപ്റ്റംബര്‍ 14ന് മുഖ്യമന്ത്രി പിണറായി വിജയനാണ് മെഡിക്കല്‍ കോളജ് ഒപി വിഭാഗം ഉദ്ഘാടനം ചെയ്ത് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. 32,900 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുളള ആശുപത്രി കെട്ടിടമാണ് മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളത്. 26 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 286 തസ്തികകള്‍ അനുവദിച്ച് കോവിഡ് കാലത്തുപോലും വലിയ പിന്‍തുണയാണ് സംസ്ഥാന സര്‍ക്കാര്‍ നല്കിയത്. എല്ലാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും നടത്തി സംസ്ഥാന സര്‍ക്കാരും, ആരോഗ്യ മന്ത്രി വീണാ ജോര്‍ജും നടത്തിയ കൃത്യമായ ഇടപെടലിലൂടെ 2022 ല്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാന്‍ കഴിഞ്ഞു.

തുടര്‍ന്നുള്ള വര്‍ഷത്തേക്കുള്ള അനുമതിയും ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്. മികച്ച നിലവാരത്തിലുള്ള പഠന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ നടന്നുവരുന്നത്.
മെഡിക്കല്‍ കോളജ് രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 352 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 200 കിടക്കകളുളള പുതിയ ആശുപത്രി മന്ദിരം, 11 നിലകളുളള ക്വാര്‍ട്ടേഴ്‌സ് ഫ്‌ളാറ്റ് സമുച്ചയം, രണ്ടുനിലകളുള്ള അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ആറു നിലകളുള്ള വനിതാ ഹോസ്റ്റല്‍, അഞ്ച് നിലകളുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, മോര്‍ച്ചറി, ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള നിര്‍മാണങ്ങളാണ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി നടത്തുന്നത്.

200 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടം കൂടി ഉയരുമ്പോള്‍ 500 കിടക്കകളുള്ള ആശുപത്രിയായി കോന്നി മെഡിക്കല്‍ കോളജ് മാറും.
പീഡിയാട്രിക്ക് ഐസിയു, സര്‍ജിക്കല്‍ ഐസിയു, മെഡിക്കല്‍ ഐസിയു എന്നീ സൗകര്യങ്ങളാണ് മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്‍എച്ച്എം ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ ഉപയോഗിച്ചാണ് പീഡിയാട്രിക്ക് ഐസിയു നിര്‍മാണം പൂര്‍ത്തിയാക്കിയത്. സര്‍ജിക്കല്‍ ഐസിയുവിന്റെ ഇന്റീരിയല്‍ വര്‍ക്കും മെഡിക്കല്‍ ഐസിയുവിന്റെ നിര്‍മാണവും കെഎംഎസ്‌സിഎല്‍ ആണ് നടത്തുന്നത്. അഞ്ച് കോടി രൂപ ചിലിവില്‍ അത്യാധുനിക സിടി സ്‌കാന്‍ സംവിധാനമാണ് മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സിടി സ്‌കാന്‍ മുറി, സിടി പ്രിപ്പറേഷന്‍ മുറി, സിടി കണ്‍സോള്‍, സിടി റിപ്പോര്‍ട്ടിംഗ് മുറി, റേഡിയോളജി സ്റ്റോര്‍ മുറി, യുപിഎസ് മുറി, ഡോക്ടര്‍മാര്‍ക്കും നഴ്സിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള മുറികള്‍ തുടങ്ങിയ സംവിധാനങ്ങളും ഇവയോടൊപ്പം ഒരുക്കിയിട്ടുണ്ട്.
അഞ്ചു മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകളാണ് കെഎംഎസ്‌സി നിര്‍മിക്കുന്നത്. ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ 50 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. 3.3 കോടി രൂപ ചെലവില്‍ ഗൈനക്കോളജി ഓപ്പറേഷന്‍ തിയറ്റര്‍, പ്രസവമുറി, വാര്‍ഡ് തുടങ്ങിയവ അത്യാധുനിക രീതിയില്‍ സജീകരിച്ചിരിക്കുന്നു.

മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ നിര്‍മാണവും പുരോഗമിക്കുകയാണ്.
മോഡുലാര്‍ രക്തബാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കിഫ്ബിയില്‍ നിന്നും 1.28 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉടനടി സ്ഥാപിക്കും. രക്തത്തില്‍ നിന്നും ഘടകങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള 45 ലക്ഷം രൂപ വിലവരുന്ന ക്രയോ ഫ്യൂജ്, എലിസ പ്രൊസസര്‍ ഉള്‍പ്പടെ 22 ഉപകരണങ്ങള്‍ കിഫ്ബി ധനസഹായത്തില്‍ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വാങ്ങും. രക്ത ബാങ്കിന്റെ ലൈസന്‍സ് നടപടികളും പുരോഗമിക്കുകയാണ്.
ആണ്‍കുട്ടികള്‍ക്ക് അഞ്ച് നിലയും പെണ്‍കുട്ടികള്‍ക്ക് ആറ് നിലയുമുള്ള ഹോസ്റ്റല്‍ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ജൂണ്‍ മാസത്തില്‍ പ്രവേശനം നല്‍കും.

11 നിലയില്‍ ജീവനക്കാര്‍ക്കായുള്ള ഫ്ളാറ്റിന്റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്. നാല് ടവറുകളായി നിര്‍മിക്കുന്ന ഫ്ളാറ്റില്‍ 160 ജീവനക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും താമസ സൗകര്യമുണ്ടായിരിക്കും. ലോണ്‍ട്രി ബ്ലോക്കിന്റെ നിര്‍മാണവും 80 ശതമാനം പൂര്‍ത്തിയായി. മെഡിക്കല്‍ കോളജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, മോര്‍ച്ചറി, ആയിരം പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം, പ്രിന്‍സിപ്പലിനു താമസിക്കുന്നതിനുള്ള ഡീന്‍ വില്ല എന്നിവയും രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സജ്ജമാകുകയാണ്.
നിലവിലുള്ള ആശുപത്രി കെട്ടിടത്തില്‍ ലക്ഷ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗൈനക്കോളജി വിഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഗൈനക്കോളജി ഓപ്പറേഷന്‍ തീയറ്റര്‍, ഡെലിവറി റൂം, വാര്‍ഡ് തുടങ്ങിയവ അത്യാധുനിക രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി എന്‍.എച്ച്.എമ്മില്‍ നിന്നും 3.3 കോടി രൂപയാണ് വിനിയോഗിച്ചത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാക്കോസ് ആണ് നിര്‍മാണം നടത്തിയത്.
മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള റോഡുകള്‍ ഉന്നതനിലവാരത്തില്‍ പണി പൂര്‍ത്തീകരിച്ചു. ജലഅതോറിറ്റിയുടെ ജലശുദ്ധീകരണപ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. അങ്ങനെ മലയോരജനതയുടെ എക്കാലത്തേയും സ്വപ്നമാണ് കോന്നി മെഡിക്കല്‍ കോളജിന്റെ വികസന മുന്നേറ്റത്തിലൂടെ സാക്ഷാത്ക്കരിക്കുന്നത്. ആശുപത്രി കെട്ടിടം ഉയരുമ്പോള്‍ 500 കിടക്കകളുള്ള ആശുപത്രിയായി കോന്നി മെഡിക്കല്‍ കോളജ് ചരിത്രമെഴുതും.
2012 മാര്‍ച്ച് 24 ന് ആണ് കോന്നിയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടാകുന്നത്.

തുടര്‍ന്ന് ഉണ്ടായ ഉടമ്പടി പ്രകാരം 2013 ഡിസംബര്‍ 23 ന് നിര്‍മാണം ആരംഭിച്ച് 2015 ജൂണ്‍ 22 ന് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടിയിരുന്നു. 18 മാസമായിരുന്നു നിര്‍മാണ കാലാവധി. എന്നാല്‍ വിവിധ കാരണങ്ങളാല്‍ 2014 മേയ് 15ന് മാത്രമാണ് മെഡിക്കല്‍ കോളജ് നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞത്. തുടര്‍ന്നും ഫണ്ട് ലഭ്യമാകാതിരുന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുന്ന സ്ഥിതി ഉണ്ടായി. 2016 മുതലാണ് നിര്‍മാണ കമ്പനിയുടെ കുടിശിക തീര്‍ത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് വേഗത്തിലാക്കിയത്.
കോന്നി ഉപതെരഞ്ഞെടുപ്പിനു ശേഷം മെഡിക്കല്‍ കോളജ് നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിന് മുഖ്യപരിഗണന നല്‍കി നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ കഴിഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ മികച്ച പിന്‍തുണ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
കോന്നി മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ സ്വാഗതം ആശംസിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യാതിഥി ആയിരിക്കും. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു.ടി.തോമസ്, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.