ഇടുക്കി :അരിക്കൊമ്പന് കാട്ടാനയെ നെയ്യാര്‍ അഗസ്ത്യവനമേഖലയിലേക്ക് മാറ്റുമെന്ന് സൂചന. നെയ്യാറിലേക്ക് കാട്ടാനയെ മാറ്റുന്നതിനുള്ള സാധ്യത വനംവകുപ്പ് പരിശോധിച്ചുവരികയാണ്.
ഹൈക്കോടതി നിര്‍ദേശപ്രകാരം തയ്യാറാക്കുന്ന വനംവകുപ്പിന്റെ പട്ടികയില്‍ ഇടുക്കിയിലെ പെരിയാറും ഉള്‍പ്പെടുന്നുണ്ട്. അരിക്കൊമ്പനെ മാറ്റുന്നതിനുള്ള അനുയോജ്യമായ ഇടങ്ങളുടെ പട്ടിക മുദ്രവച്ച കവറില്‍ പട്ടിക നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ആനയെ നെയ്യാറിലേക്ക് മാറ്റിയേക്കുമെന്ന അനൗദ്യോഗിക വിവരം പുറത്തെത്തിയിരിക്കുന്നത്.
വനംവകുപ്പ് കൈമാറുന്ന പട്ടികയില്‍ നിന്ന് വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന ഇടത്തേക്കായിരിക്കും കാട്ടാനയെ മാറ്റുക. അരിക്കൊമ്പനെ കൊണ്ടുവന്നേക്കുമെന്ന സൂചനയുടെ പശ്ചാത്തലത്തില്‍ തീരുമാനത്തെ ശക്തമായി പ്രതിരോധിക്കാന്‍ തയാറെടുക്കുകയാണ് നെയ്യാര്‍ നിവാസികള്‍.
ആനയെ മാറ്റുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനായില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന മുന്‍ ഉത്തരവ് കാലതാമസം കൂടാതെ നടപ്പാക്കണമെന്നായിരുന്നു ഡിവിഷന് ബഞ്ചിന്റെ നിര്‍ദേശം. ആനയെ മയക്കുവെടി വച്ച് കോടനാട്ടെക്ക് മാറ്റാനുള്ള സര്‍ക്കാര്‍ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല.