വന സൗഹൃദ സദസ്സ് ചര്‍ച്ച പരിഹാര നിര്‍ദേശങ്ങളാല്‍ ശ്രദ്ധേയമായി

റാന്നി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് മനുഷ്യ-വന്യജീവി സംഘര്‍ഷ വിഷയത്തില്‍ സംഘടിപ്പിച്ച വന സൗഹൃദ ചര്‍ച്ച പരിഹാര നിര്‍ദേശങ്ങളാല്‍ ശ്രദ്ധേയമായി. ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന വന സൗഹൃദചര്‍ച്ചയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും കോന്നി എംഎല്‍എ അഡ്വ.കെ.യു. ജനീഷ് കുമാറും റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജനും തദ്ദേശസ്ഥാപന ജനപ്രതിനികളും പങ്കെടുത്തു.

Advertisements

വനഭൂമി സംബന്ധിച്ചും വനമേഖലകളില്‍ താമസിക്കുന്നവരുടെ പ്രശ്‌നങ്ങളും ആശങ്കകളും മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ വനാതിര്‍ത്തി പങ്കിടുന്ന അങ്ങാടി, കൊറ്റനാട്, പഴവങ്ങാടി, വടശേരിക്കര, അരുവാപ്പുലം, ചിറ്റാര്‍, കലഞ്ഞൂര്‍, മലയാലപ്പുഴ, സീതത്തോട്, തണ്ണിത്തോട്, വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. പട്ടയഭൂമിയില്‍ നിയമാനുസൃതം മുറിക്കാന്‍ കഴിയുന്ന മരങ്ങള്‍ മുറിക്കുന്നതിന് തടസമില്ലെന്ന് വനം മന്ത്രി വ്യക്തമാക്കണമെന്ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സോളാര്‍ വേലി സംരക്ഷണം അശാസ്ത്രീയമായാണ് നടക്കുന്നത്. വേലി സംരക്ഷിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്ന വാച്ചര്‍മാരെ സംബന്ധിച്ച് വനം വകുപ്പ് പരസ്യപ്പെടുത്തണം. വന്യജീവി ആക്രമണത്തില്‍ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ വനം വകുപ്പ് ഇടപെടണമെന്നും എംഎല്‍എ പറഞ്ഞു.
പെരുനാട്ടില്‍ കടുവാ ഭീതി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളുടെ ജീവന് സുരക്ഷിതത്വം നല്‍കാന്‍ വനം, റവന്യു വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സ്വകാര്യ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലെ ഭൂമിയില്‍ കാട് വളര്‍ന്നു വരുന്നത് വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കണം.

വന മേഖലയിലെ ടൂറിസം സാധ്യത വിനിയോഗിക്കണം. വന്യജീവി ആക്രമണത്തിലെ നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണം. ആദിവാസി ഊരുകളിലേക്കുള്ള റോഡുകള്‍ സമയബന്ധിതമായി നിര്‍മിക്കണം. റാപിഡ് റസ്‌പോണ്‍സ് ടീമിന് ഒരു വാഹനം കൂടി നല്‍കണം. വാച്ചര്‍മാരുടെ എണ്ണം കൂട്ടണം. വന്യമൃഗങ്ങളുടെ നീക്കം മനസിലാക്കുന്നതിന് ജീവനക്കാര്‍ക്ക് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ അവസരമൊരുക്കണം. ഓരോ പ്രദേശത്തിനും അനുയോജ്യമായ നിലയിലുള്ള സമീപനം വന്യമൃഗങ്ങളുടെ കാര്യത്തില്‍ സ്വീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.
കൃഷിഭൂമിയില്‍ വന്യജീവികള്‍ കടന്ന് നാശനഷ്ടം വരുത്തുന്നതു പ്രതിരോധിക്കുന്നതു സംബന്ധിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള മാര്‍ഗരേഖ വിപുലീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

പരിസ്ഥിതി സംരക്ഷണം പരിസ്ഥിതി തീവ്രവാദമായി മാറുന്നു. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ മാറ്റി സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമത്തെ പ്രതിരോധിക്കുന്നതിലൂടെ വന സംരക്ഷണ തീവ്രവാദത്തിലേക്കാണ് പോകുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ ഒറ്റപ്പെടുത്തേണ്ടതാണെന്നും വനത്തെയും വന്യജീവികളെയും സംരക്ഷിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പട്ടയം അനുവദിക്കുന്നതിന് കേന്ദ്ര വനംവകുപ്പ് മന്ത്രാലയത്തിന്റെ അനുമതിയാണ് ലഭിക്കേണ്ടതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

എത്രയും വേഗം അനുമതി ലഭിക്കുന്നതിനായുള്ള നടപടികള്‍ വനം വകുപ്പും ജില്ലാ ഭരണകൂടവും സ്വീകരിച്ചിട്ടുണ്ട്. എല്ലാ ആദിവാസി വിഭാഗങ്ങള്‍ക്കും വനവകാശ രേഖകള്‍ ഈ വര്‍ഷം ലഭ്യമാക്കുന്നതിനായി റവന്യു, വനം, സര്‍വേ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

വന്യമൃഗ ശല്യം ഉണ്ടാക്കുന്ന ജനവാസ മേഖലയില്‍ പൂര്‍ണമായും സൗരവേലി നിര്‍മിക്കുക, കൃഷി ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതിയിലെ കാലതാമസം ഒഴിവാക്കുക, ഉപേക്ഷിക്കപ്പെട്ട കൃഷിയിടങ്ങളിലെ കാട് തെളിക്കുക, ഇടവിളക്കൃഷിയുടെ സാധ്യത പരിശോധിക്കുക, വന്യജീവികള്‍ നാട്ടിലേക്ക് വരുന്നത് വനത്തിന്റെ ആവാസ വ്യവസ്ഥയുടെ മാറ്റം മൂലമായതിനാല്‍ അവ സംബന്ധിച്ച് പഠനം നടത്തുക, പൊന്തന്‍ പുഴ, കലഞ്ഞൂര്‍ പാടം ഇരുട്ടുതറ, വട്ടുതറ മേഖലയിലെ കുടുംബങ്ങള്‍ക്ക് പട്ടയ അനുമതി, റോഡരികിലെ കാടും മരങ്ങളും വെട്ടിമാറ്റുക, റോഡിനോട് ചേര്‍ന്ന വനമേഖലയില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ വേലിയും കാമറയും സ്ഥാപിക്കുക, ബഫര്‍ സോണ്‍ വ്യക്തത വരുത്തുക, വനം മേഖലയിലെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം ഒഴിഞ്ഞു പോകാത്തവരെ നിര്‍ബന്ധിക്കരുത്, കൊക്കത്തോട് റോഡിലെ 16 മരങ്ങള്‍ മുറിച്ചു മാറ്റന്‍ ഇടപെടുക, കാട്ടാത്തി ടൂറിസം പദ്ധതി നടപ്പാക്കാന്‍ വനം വകുപ്പിന്റെ സഹകരണം, വനാതിര്‍ത്തി പങ്കിടുന്ന റോഡ് നവീകരണം തുടങ്ങിയ പൊതു പ്രശ്‌നങ്ങള്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു.

ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സതേണ്‍ സര്‍ക്കിള്‍ കൊല്ലം ഡോ. സഞ്ജയന്‍ കുമാര്‍, പി.സി.സി.എഫ് ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിംഗ്, റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ. ജയകുമാര്‍ ശര്‍മ്മ, കൊല്ലം സാമൂഹ്യ വനവത്കരണ വിഭാഗം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി. സുനില്‍ ബാബു, കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയുഷ്‌കുമാര്‍ കോറി, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സി.കെ. ഹാബി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി. സാം, വെച്ചുച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ്, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രമോദ്, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, റാന്നി അങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാര്‍, തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രശ്മി, ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല എബി, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, വനം വകുപ്പ് ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.